Social Media - 2025
ക്രിസ്ത്യാനിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് വിശ്വാസവിരുദ്ധമോ? മറുപടിയുമായി മാര്‍ പോളി കണ്ണൂക്കാടന്‍
പ്രവാചക ശബ്ദം 11-06-2020 - Thursday
ഇരിങ്ങാലക്കൂട: കഴിഞ്ഞ ദിവസം കോവിഡ് രോഗം ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതശരീരം മൃതസംസ്കാര ശൂശ്രൂഷക്കുശേഷം ദഹിപ്പിച്ചു അവശിഷ്ടങ്ങൾ കല്ലറയിൽ സംസ്കരിക്കുവാൻ നിർദ്ദേശിച്ചപ്പോൾ അത് വിശ്വാസ വിരുദ്ധമെന്ന് ആരോപിച്ചവര്‍ക്ക് മറുപടിയുമായി ഇരിങ്ങാലക്കൂട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിഷയത്തില്‍ വ്യക്തത നല്‍കിയിരിക്കുന്നത്. അത് സഭാ വിരുദ്ധവും വിശ്വാസത്തിന് ഇണങ്ങാത്തതാണെന്നും ചിലർ തെറ്റിദ്ധരിച്ചെന്നും കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ 2301 രണ്ടാമത്തെ ഖണ്ഡികയിൽ ഇപ്രകാരം ശരീരത്തിന്റെ ഉയിർപ്പിലുള്ള വിശ്വാസത്തിൽ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കിൽ ശവദാഹം സഭ അനുവദിക്കുന്നുവെന്ന്‍ ചൂണ്ടിക്കാണിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ക്രിസ്ത്യാനിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് വിശ്വാസവിരുദ്ധമാണോ?
കോവിഡ് രോഗം ബാധിച്ച് മൃത്യുവരിച്ച ഡിന്നി ചാക്കോയുടെ മൃതശരീരം മൃതസംസ്കാര ശൂശ്രൂ ഷക്കുശേഷം ദഹിപ്പിച് അവശിഷ്ടങ്ങൾ കല്ലറയിൽ സംസ്കരിക്കുവാൻ നിർദ്ദേശിച്ചപ്പോൾ അത് സഭാ വിരുദ്ധവും വിശ്വാസത്തിന് ഇണങ്ങാത്തതാണെന്നും ചിലർ തെറ്റിദ്ധരിക്കുകയുണ്ടായി. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ 2301 രണ്ടാമത്തെ ഖണ്ഡികയിൽ ഇപ്രകാരം പഠിപ്പിക്കുന്നു, 'ശരീരത്തിന്റെ ഉയിർപ്പിലുള്ള വിശ്വാസത്തിൽ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കിൽ ശവദാഹം സഭ അനുവദിക്കുന്നു'. ലത്തീൻ കാനൻ നിയമസംഹിതയിൽ 1176 ഖണ്ഡിക മൂന്നിലും പൗരസ്ത്യസഭകളുടെ കനോനകളിൽ 876 ഖണ്ഡിക മൂന്നിലും ഇപ്രകാരം പറയുന്നു, 'ക്രിസ്‌തീയ പഠനത്തിന് വിരുദ്ധമായ കാരണങ്ങൾക്കല്ലാത്ത പക്ഷം ദഹിപ്പിക്കൽ നിരോധിച്ചിട്ടില്ല'. അത്യാവശ്യ സന്ദർഭങ്ങളിൽ മൃതശരീരം ദഹിപ്പിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമല്ല എന്നാണ് സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം അനിയന്ത്രിതമായി തുടരുമ്പോൾ രോഗബാധിതരിൽ ആരെങ്കിലും അപ്രതീക്ഷമായി മരിച്ചാൽ മൃതസംസ്കാര ശുശ്രൂഷകൾക്ക്ശേഷം അടക്കം ചെയ്യുന്നതിന് പകരം ദഹിപ്പിക്കുന്നത് സാധാരണജനങ്ങളുടെ ഭീതി അകറ്റാൻ ഏറെ സഹായകരമായിക്കും. ദഹിപ്പിച്ചതിനു ശേഷം ഭൗതിക അവശിഷ്ടം കല്ലറയിൽ ആചാരവിധികളോടെ സംസ്കരിക്കുകയും ചെയ്യാം.
ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക