News - 2024

മുസ്ലീം മേഖലയില്‍ വീട് വാങ്ങി: പാക്ക് ക്രിസ്ത്യന്‍ കുടുംബത്തിലെ രണ്ടംഗങ്ങള്‍ക്ക് വെടിയേറ്റു

പ്രവാചക ശബ്ദം 12-06-2020 - Friday

പെഷവാര്‍: മുസ്ലീം മേഖലയില്‍ വീട് വാങ്ങിച്ചതിന്റെ പേരില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ കുടുംബത്തിലെ രണ്ടു പേര്‍ക്ക് വെടിയേറ്റു. ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയിലെ പെഷവാറിലെ ടിവി കോളനിയില്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന മേഖലയില്‍ വീട് വാങ്ങിച്ചതിന്റെ പേരിലാണ് ക്രൈസ്തവ വിശ്വാസികളായ നദീം ജോസഫിനും അദ്ദേഹത്തിന്‍റെ ഭാര്യ മാതാവായ എലിസബത്ത് മാസിക്കും വെടിയേറ്റത്. ക്രിസ്ത്യന്‍ കുടുംബം തന്റെ ഭവനത്തിന് സമീപം താമസിക്കുവാന്‍ വന്നതില്‍ രോഷം പൂണ്ട അയല്‍വാസിയായ സല്‍മാന്‍ ഖാനാണ് അക്രമത്തിന്റെ പിന്നില്‍. ഒരു മാസം മുന്‍പാണ് നദീം ജോസഫ് പെഷവാറിലെ ടി.വി കോളനിയില്‍ വീട് വാങ്ങിച്ചത്.

ഇക്കഴിഞ്ഞ ജൂണ്‍ നാലിന് ജോസഫ് വാങ്ങിച്ച വീടിന്റെ നേരെ എതിര്‍വശത്ത്‌ താമസിക്കുന്ന സല്‍മാന്‍ ഖാനും മകനും തോക്കുമായെത്തുകയും 24 മണിക്കൂറിനുള്ളില്‍ വീടൊഴിഞ്ഞ് പോയിരിക്കണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസ് ഹെല്‍പ്പ്-ലൈനിലേക്ക് ഫോണ്‍ ചെയ്തപ്പോഴേക്കും അക്രമികള്‍ വെടിയുതിര്‍ത്തു കഴിഞ്ഞിരുന്നുവെന്ന് പെഷവാറിലെ ഹോസ്പിറ്റലില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയിലൂടെ ജോസഫ് വെളിപ്പെടുത്തി. ജോസഫിന് വയറ്റിലും, എലിസബത്ത് മാസിക്ക് ഇടതു തോളിലുമാണ് വെടിയേറ്റിരിക്കുന്നത്. ആശുപത്രിയില്‍ കിടക്കുമ്പോഴും തന്റെ ജീവനെക്കുറിച്ചും, കുടുംബത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുമുള്ള ഭീതിയിലാണ് ജോസഫ്.

കുറ്റവാളികള്‍ പഞ്ചാബ് പ്രവിശ്യയിലേക്ക് കടന്നിട്ടുണ്ടെന്നും, അവരെ പിടികൂടുവാന്‍ പോലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്നും മൈനോറിറ്റി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായ വസീര്‍സാദ അറിയിച്ചു. പാക്കിസ്ഥാന്‍ നാഷ്ണല്‍ അസംബ്ലി അംഗം ജാംഷെഡ് തോമസ്‌, ജോസഫിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും ഹീനകൃത്യത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാനില്‍ ക്രൈസ്തവരെ രണ്ടാം തരം പൗരന്‍മാരായിട്ടാണ് കണ്ടുവരുന്നത്. 40 ലക്ഷത്തോളം വരുന്ന പാക്കിസ്ഥാനി ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും ചേരിപ്രദേശങ്ങളിലാണ് താമസിക്കുന്നത്. മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുള്ള അക്രമങ്ങള്‍ തടയുന്നതിനോ, ഇവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ വേണ്ടി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം നേരത്തെ മുതല്‍ ശക്തമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »