Arts
102 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രാഗിലെ ചരിത്രപ്രസിദ്ധമായ മരിയൻ തിരുസ്വരൂപം പുനഃസ്ഥാപിച്ചു
പ്രവാചക ശബ്ദം 16-06-2020 - Tuesday
പ്രാഗ്: മദ്ധ്യ യൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ 102 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീവ്ര ദേശീയവാദികൾ തകർത്ത പ്രാഗിലെ ചരിത്ര പ്രസിദ്ധമായ മരിയൻ തിരുസ്വരൂപം ഒടുവില്‍ പുനഃസ്ഥാപിച്ചു. മൂന്ന് പതിറ്റാണ്ടു നീണ്ട വിശ്വാസികളായ ഒരുസംഘം ചരിത്രകാരന്മാരുടെയും കലാകാരന്മാരുടെയും കഠിന പ്രയത്നത്തിന് ഒടുവിലാണ് തിരുസ്വരൂപം പുനഃസ്ഥാപിക്കപ്പെട്ടത്. മുന്‍പ് സ്ഥാപിതമായ തിരുരൂപത്തിന്റെ അതേ മാതൃകയിലും വലുപ്പത്തിലും തന്നെയാണ് പുതിയ നിർമിതിയും ഒരുക്കിയിരിക്കുന്നത്.
1648ൽ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ നഗര ചത്വരത്തിൽ ഹാബ്‌സ്ബുർഗ് ചക്രവർത്തിയായ ഫെർഡിനാന്റ് മൂന്നാമനാണ് വിഖ്യാതമായ രൂപം സ്ഥാപിച്ചത്. സ്വീഡിഷ് സൈന്യത്തിന്റെ ഉപരോധത്തിൽനിന്ന് പ്രാഗ് മുക്തമായതിന്റെ കൃതജ്ഞതാ സൂചകമായി വിശ്വാസീസമൂഹത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് 52 അടി ഉയരമുള്ള സ്തൂപവും അതിനുമുകളിൽ നക്ഷത്രക്കിരീടമുള്ള പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും അദ്ദേഹം സ്ഥാപിച്ചത്.
270 വര്‍ഷങ്ങള്‍ക്ക് ശേഷം 1918ൽ ചെക്കോസ്ലോവാക്യ പരമാധികാര റിപ്പബ്ലിക്കായപ്പോൾ, ഹാബ്‌സ്ബുർഗ് സാമ്രാജ്യത്വകാലത്തെ പ്രതീകങ്ങൾക്കും സഭയ്ക്കും എതിരെ തീവ്രദേശീയ വാദികൾ അക്രമം അഴിച്ചുവിടുകയായിരിന്നു. അക്രമത്തില്‍ വിഖ്യാതമായ ഈ രൂപവും തകര്‍ന്നു. ഇതേ വര്‍ഷം നവംബർ മൂന്നിനാണ് സ്തൂപം തകർക്കപ്പെട്ടത്. ഹാബ്‌സ്ബുർഗ് സാമാജ്യത്വത്തോട് ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും മരിയൻ രൂപത്തോട് പ്രാഗിലെ ജനങ്ങള്‍ക്ക് എതിര്‍പ്പില്ലായിരിന്നു. പക്ഷേ ആക്രമണത്തില്‍ രൂപവും തകര്‍ക്കപ്പെട്ടു.
നാസി അധിനിവേശവും രണ്ടാം ലോക മഹായുദ്ധവും കമ്മ്യൂണിസ്റ്റ് ഭരണവും രൂപം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള എല്ലാ സാധ്യതകളെയും നിഷ്ഫലമാക്കി. ഒടുവില്‍ 1990- ൽ കമ്മ്യൂണിസ്റ്റ് ആധിപത്യം തകർന്നതോടെ മരിയൻ രൂപം പുനർനിർമിക്കാനുള്ള സൊസൈറ്റിക്ക് രൂപം നല്‍കുകയായിരിന്നു. രൂപം പുനര്‍നിര്‍മ്മിക്കാനുള്ള ഉദ്യമത്തിലേക്ക് പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളും അവിശ്വാസികളും ഒരുപോലെ പണം ദാനം ചെയ്തിരിന്നു. ഭാരതത്തിനും ഇതില്‍ അഭിമാനിക്കാന്‍ വകയുണ്ടെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് രൂപത്തിന് ആവശ്യമായ മണല്‍ കല്ല് എത്തിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക