News - 2025
“ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്”: അടുത്ത വര്‍ഷത്തെ ക്രൈസ്തവ ഐക്യവാരത്തിനുള്ള വിഷയം
പ്രവാചക ശബ്ദം 18-06-2020 - Thursday
വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം ജനുവരിയില്‍ ആചരിക്കുന്ന സഭൈക്യവാരത്തിനുള്ള ധ്യാനവിഷയം വത്തിക്കാന്‍ പരസ്യപ്പെടുത്തി. “ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും, ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കും” എന്ന വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തിലെ വചനമാണ് സഭൈക്യവാരത്തിനുള്ള ധ്യാനവിഷയം. അടുത്ത വര്‍ഷം ജനുവരി 18 മുതല്‍ 25 വരെ തീയതികളിലാണ് ക്രൈസ്തവ ഐക്യവാരം ആചരിക്കുന്നത്. സ്വിറ്റ്സര്‍ലണ്ടിലെ ഗ്രാന്‍റ്ചാമ്പ് സഭൈക്യ സന്ന്യാസ സമൂഹത്തിലെ അംഗങ്ങളാണ് അടുത്ത വര്‍ഷത്തേയ്ക്കുള്ള പ്രമേയം തെരഞ്ഞെടുത്തത്.
ദൈവവചനത്തിന്‍റെ വിതക്കാരനും കൃഷിക്കാരനുമായ ക്രിസ്തുവിനാല്‍ വെട്ടിയൊരുക്കിയ മുന്തിരിച്ചെടിയിലെ ശാഖകളായി ജീവിക്കുവാനുള്ള ആത്മീയത ഉള്‍ക്കൊണ്ടു മുന്നേറുന്ന സഹോദരിമാരുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഒരാഴ്ച നീളുന്ന സഭൈക്യ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്കുള്ള വായനകളും ധ്യാനവും സജ്ജമാക്കുന്നത്. തായ്ച്ചെടിയോട് എന്നപോലെ ക്രിസ്തുവിനോട് ചേര്‍ന്നുനില്ക്കുന്ന വ്യക്തികള്‍ ഭൂമിയില്‍ സഹോദരങ്ങളോടുള്ള ഐക്യത്തില്‍ ജീവിക്കുമെന്ന ധ്യാനമാണ് പ്രമേയത്തില്‍ പരാമര്‍ശിക്കുന്നത്. സഹോദരങ്ങളോടുള്ള ഐക്യവും സ്നേഹവുമാണ് സമ്പൂര്‍ണ്ണ സൃഷ്ടിയോടുള്ള ഐക്യദാര്‍ഢ്യമായി വളരേണ്ടതെന്നും വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക