India - 2025
പ്രതിസന്ധിയെ അതിജീവിക്കാന്‍ സമഗ്ര മാറ്റങ്ങള്‍ക്കു തയാറാകണം: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി
29-06-2020 - Monday
കൊച്ചി: കോവിഡ് 19 പ്രത്യാഘാതങ്ങളില്‍ ഉണ്ടാവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ കാര്‍ഷിക മേഖലയില്‍ സമഗ്ര മാറ്റത്തിനു കര്‍ഷകരും സര്‍ക്കാരും തയാറാകണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സീറോ മലബാര്‍ സഭാ സിനഡിനു സമര്‍പ്പിച്ച കോവിഡ് അതിജീവന പ്രവര്‍ത്തന രൂപരേഖ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭയുടെ വിവിധ കമ്മീഷനുകളുടെ വൈദിക സെക്രട്ടറിമാരുടെയും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഭാരവാഹികളുടെയും സംയുക്ത യോഗത്തില്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തില്‍ നിന്നു സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കോവിഡിന്റെ പ്രത്യാഘാതങ്ങളും മൂലം സമുദായത്തിലെ ബഹുഭൂരിപക്ഷം അംഗങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ ഘട്ടത്തില്‍ സഭയില്നിസന്നു പ്രോത്സാഹന ജനകമായ സമഗ്രപദ്ധതികളും ആശ്വാസകരമായ നടപടികളും സമുദായം ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ട് ബിജു പറയന്നിലം പറഞ്ഞു. ഇടവകയിലെ പാവപ്പെട്ടവര്‍ക്ക് പ്രത്യേകമായ ഊന്നല്‍ നല്‍കിക്കൊണ്ട് കാര്‍ഷിക മേഖലയില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്ന തലത്തില്‍ വിവിധ പദ്ധതികളാണ് കത്തോലിക്ക കോണ്‍ഗ്രസ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ഇടവകയിലും വികാരിയുടെ അധ്യക്ഷതയിലുള്ള കോവിഡ് അതിജീവന മാനേജ്‌മെന്റ് കമ്മിറ്റികളുടെ രൂപീകരണവും അതില്‍ വിദഗ്ധരുടെ പങ്കാളിത്തവും പ്രവര്‍ത്തന രൂപരേഖയുടെ വിവിധ തലങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കണം. ഇടവക മാനേജ്‌മെന്റ് കമ്മിറ്റിക്കു പുറമേ ഫൊറോന തലത്തിലും രൂപത തലത്തിലും ഗ്ലോബല്‍ തലത്തിലുമുള്ള സമിതികള്‍ പരസ്പരം കൈകോര്‍ത്ത് കാര്‍ഷിക മേഖലയ്ക്കു നവമുഖമുണ്ടാക്കാനും കര്‍ഷകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കൃഷി ലാഭകരമാക്കാനുമുള്ള സമഗ്ര പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് കയറ്റുമതി ചെയ്യാന്‍ വിവിധ രാജ്യങ്ങളിലുള്ള നേതാക്കളുടെ സംയുക്ത സമിതി രൂപീകരിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപീകരിച്ചിട്ടുള്ള ഹെല്‍പ് ഡെസ്‌കുകള്‍ പൊതുസമൂഹത്തിനു വലിയ കൈത്താങ്ങാണെ ന്നു മുഖ്യപ്രഭാഷണം നടത്തിയ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ഡോ. ജോസ് കുട്ടി ജെ ഒഴുകയില്‍ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു. സീറോ മലബാര്‍ സഭാ വൈസ് ചാന്‍സലര്‍ ഫാ. ഏബ്രഹാം കാവില്‍ പുരയിടം, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ . ജിയോ കടവി, ഫാ. സെബാസ്റ്റ്യന്‍ മുട്ടത്തുപാടത്ത്, ഫാ. ഫ്രാന്‍സീസ് പിട്ടാപ്പിള്ളി തുടങ്ങിയ വിവിധ കമ്മീഷന്‍ സെക്രട്ടറിമാര്‍ പ്രസംഗിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഭാരവാഹികളായ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ഡേവീസ് എടക്കളത്തൂര്‍, ഡോ. ജോസ് കുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി, തോമസ് പീടികയില്‍, ആന്റണി എല്‍. തൊമ്മാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
![](/images/close.png)