News - 2025
ഗർഭഛിദ്രം നിയമവിധേയമാക്കിയ ശേഷം അയര്‍ലണ്ടില്‍ നടന്നത് ആറായിരത്തിലധികം ഭ്രൂണഹത്യ
പ്രവാചക ശബ്ദം 02-07-2020 - Thursday
ഡബ്ലിന്‍: ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിക്കൊണ്ട് അയര്‍ലണ്ട് നിയമം പാസാക്കിയതിന് ശേഷം ഒരു വര്‍ഷം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആറായിരത്തിലധികം ഭ്രൂണഹത്യ. ഗര്‍ഭഛിദ്ര വിഷയത്തില്‍ ജനഹിത പരിശോധന നടത്തിയതിന് ശേഷമാണ് രാജ്യത്തു ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്. ആകെ റിപ്പോര്‍ട്ട് ചെയ്ത 6666 അബോർഷന്‍ കേസുകളില്‍ 6542 കേസുകൾ ഗർഭാവസ്ഥയുടെ ആരംഭത്തില്‍ ഭ്രൂണഹത്യ നടത്തിയതെന്നു വ്യക്തമായിട്ടുണ്ട്. ഗർഭിണിയായ സ്ത്രീയുടെ ജീവന് ആപത്തോ ആരോഗ്യത്തിന് ഗുരുതരമായ അപകടമോ സംഭവിക്കുന്ന കേസുകളില്‍ മാത്രമേ ഗർഭഛിദ്രത്തിന് അനുമതിയുള്ളൂ. എന്നാല്‍ ഇതിനെ മറയാക്കി പല സാഹചര്യങ്ങളിലും വ്യാപകമായി ഗര്‍ഭഛിദ്രം അരങ്ങേറുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ സംരക്ഷണം ഉറപ്പാക്കുന്ന എട്ടാം ഭേദഗതിയെ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക ബിഷപ്പുമാരും പ്രോലൈഫ് പ്രവര്‍ത്തകരും വ്യാപകമായ രീതിയില്‍ രാജ്യത്തു ധര്‍ണ്ണ നടത്തിയിരിന്നു. എന്നാല്‍ ഗര്‍ഭഛിദ്ര നരഹത്യയ്ക്കു അനുകൂലമായി ജനം വിധിയെഴുതുകയായിരിന്നു. ആഗോള തലത്തില്‍ അതിസമ്പന്നരായ വ്യക്തികളുടെ സഹായത്തോടെ ഗര്‍ഭഛിദ്ര അനുകൂലികള്‍ അയര്‍ലണ്ടില്‍ ഭ്രൂണഹത്യ നിയമപരമാക്കുവാന്‍ വലിയ രീതിയില്‍ ഇടപ്പെട്ടുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരിന്നു. 2015ൽ ഹിതപരിശോധനയെത്തുടർന്ന് അയർലണ്ട് സ്വവർഗവിവാഹവും നിയമവിധേയമാക്കിയിരുന്നു.