News

ഹാഗിയ സോഫിയ സംബന്ധിച്ച അന്തിമ വിധി 15 ദിവസങ്ങള്‍ക്കകമെന്ന് തുര്‍ക്കി കോടതി

പ്രവാചക ശബ്ദം 02-07-2020 - Thursday

ഇസ്താംബൂള്‍: ആഗോള ശ്രദ്ധയാകര്‍ഷിച്ച തുര്‍ക്കിയുടെ ചരിത്ര പ്രതീകവും മുന്‍ ക്രൈസ്തവ കത്തീഡ്രല്‍ ദേവാലയവുമായിരിന്ന ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതി ഇന്നു വ്യാഴാഴ്ച തുര്‍ക്കിയിലെ ഉന്നത കോടതി പരിഗണിച്ചു. യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന ഈ ചരിത്ര സ്മാരകത്തിന്റെ ഭാവി നിശ്ചയിക്കുന്ന വിധിപ്രസ്താവം 15 ദിവസങ്ങള്‍ക്കുള്ളിലുണ്ടാവുമെന്നാണ് തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ടിആര്‍ടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചരിത്ര സ്മാരകങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നല്‍കിയ പരാതിയിന്മേലാണ് ഇന്നു കോടതി വാദം കേട്ടത്.

എ.ഡി 537-ല്‍ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഹാഗിയ സോഫിയ നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്താണ് ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്.

എന്നാല്‍ ഇത് മോസ്ക്ക് ആക്കിമാറ്റാനുള്ള മുറവിളി തീവ്ര ഇസ്ലാമികളുടെ ഭാഗത്തു നിന്നു ഉയര്‍ന്നിരിന്നു. കടുത്ത ഇസ്ളാമിക നിലപാടുള്ള തയിബ് എർദോഗൻ ഭരണത്തിലേറിയതോടെയാണ് നിര്‍മ്മിതിയെ മോസ്ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചത്. ഒട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയതിന്റെ 567മത് വാർഷികാഘോഷങ്ങൾ ക്രൈസ്തവ ദേവാലയത്തിനുള്ളിൽ ഖുർആൻ വായിച്ചുകൊണ്ട് എർദോഗൻ സർക്കാർ ആഘോഷിച്ചത് വൻവിവാദമായിരുന്നു. 2018ൽ ദേവാലയം മുസ്ലിം പ്രാർത്ഥനയ്ക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ചരിത്ര സ്മാരകങ്ങൾക്ക് വേണ്ടിയുള്ള തുർകിഷ് യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അവരുടെ വാദം തള്ളിക്കളയുകയായിരുന്നു.



എന്നാല്‍ തീവ്ര നിലപാടുള്ള ഏര്‍ദോഗന്‍ എ.കെ.പി എന്ന തന്റെ പാർട്ടിയുടെ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിക്കാഴ്ചയിൽ വിഷയം ഉന്നയിച്ച് ദേവാലയം മോസ്ക്ക് ആക്കിമാറ്റുവാനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം വ്യാപകമാണ്. കത്തീഡ്രല്‍ മ്യൂസിയമായി തന്നെ നിലനിര്‍ത്തണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്നലെ ആവശ്യപ്പെട്ടിരിന്നു. അതേസമയം അന്തിമ വിധി പതിനഞ്ചു ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ തങ്ങളുടെ പുരാതന ദേവാലയം നഷ്ട്ടപ്പെടരുതേയെന്ന പ്രാര്‍ത്ഥനയോടെ കഴിയുകയാണ് രാജ്യത്തെ ന്യൂനപക്ഷ ക്രൈസ്തവ സമൂഹം.


Related Articles »