India - 2025
സുവിശേഷസാക്ഷ്യത്തിലൂടെ സമൂഹത്തെ പ്രകാശിപ്പിക്കണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
04-07-2020 - Saturday
കാക്കനാട്: നമ്മുടെ നാടിന്‍റെ സംസ്ക്കാരത്തിന്‍റെ നന്മകള്‍ സ്വാംശീകരിച്ച് സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് സമൂഹത്തെ പ്രകാശിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന സീറോമലബാര്‍ സഭാദിനത്തോടനുബന്ധിച്ച് അര്‍പ്പിക്കപ്പെട്ട് റാസാ കുര്‍ബാനയില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വചനസന്ദേശത്തിനിടയില്‍ കേരളത്തിനുപുറമേയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള ഏല്ലാ സീറോമലബാര്‍ സഭാവിശ്വാസീസമൂഹങ്ങളെയും പ്രത്യേകം പേരെടുത്തു പരാമര്‍ശിക്കുകയും ദുക്റാനാ തിരുനാള്‍ മംഗളങ്ങള്‍ ആശംസിക്കുകയും ചെയ്തു. മാര്‍ത്തോമാ ശ്ലീഹായില്‍ വിളങ്ങിനിന്ന വിശ്വാസ തീക്ഷണതയും പ്രേഷിത ചൈതന്യവും ക്രൈസ്തവ ജീവിതത്തിന് സാക്ഷ്യംവഹിക്കാന്‍ വിശ്വാസസമൂഹത്തിന് ശക്തി പകരണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് ഓര്‍മ്മിപ്പിച്ചു. സഭാ ദിനത്തില്‍ സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന റാസാ കുര്‍ബാനയില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടൊപ്പം ഫാദര്‍ തോമസ് മേല്‍വെട്ടവും ഫാ. എബ്രാഹം കാവില്‍പുരയിടത്തിലും സഹകാര്‍മ്മികരായിരുന്നു.
കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലും കൂരിയയില്‍ പ്രവര്‍ത്തിക്കുന്ന വൈദികരും സമര്‍പ്പിതരും ജീവനക്കാരും കൂരിയയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും മാത്രമാണ് റാസാ കുര്‍ബാനയില്‍ പങ്കെടുത്തത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പതിവ് ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. വി. കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ റാസാ കുര്‍ബാന സഭയുടെ യൂട്യൂബ് ചാനല്‍, ഫെയ്സ്ബുക്ക്, ഷെക്കെയ്ന ടെലിവിഷന്‍ എന്നീ മാധ്യമങ്ങള്‍ വഴി ലൈവ് സ്ട്രീമിംങ്ങ് നടത്തി.
![](/images/close.png)