ആഗസ്റ്റ് 4
വി. ജോൺ വിയാനി (1786-1859)
ഫ്രാൻസിൽ ലിയോൺസിനു സമീപമുള്ള ഡാർഡില്ലി എന്ന ഗ്രാമത്തിൽ മാത്യൂ വിയാനിയുടേയും മരിയായുടേയും മകനായി ജോൺ ജനിച്ചു. മാതാപിതാക്കന്മാർ ഭക്തരായ കർഷകരായിരുന്നു. മതാഭ്യസനം മർദ്ദന വിധേയമായിരുന്ന കാലത്താണ് ജോൺ വിയാനിയുടെ ബാല്യവും യൗവ്വനവും. രാത്രിയാണ് വൈദികർ ഉപദേശവും മറ്റും നല്കിയിരുന്നത്. ജോണീൻ 20 വയസ്സുള്ളപ്പോൾ ആബെ ബെയിലിയുടെ സ്കൂളിൽ അവൻ പഠനം ആരംഭിച്ചു. ലത്തീൻ ജോണിന്റെ തലയിൽ തീരെ കേറിയിരുന്നില്ല. നെപ്പോളിയന്റെ നിർബന്ധ സൈനികസേവനത്തെ മറികടന്ന് നോവെയിൽ ഒരു വർഷം കുട്ടികളെ പഠിപ്പിച്ചു. 1810ൽ ജോൺ തന്റെ കുടുംബാവകാശം സ്വസഹോദരൻ ഫ്രാൻസ്സിസ്സിനു വിട്ടികൊടുത്തു. ജ്ജൊണിനുപകരം ഫ്രാൻസ്സിസു സൈനികസേവനം നിർവ്വഹിക്കാൻ സമ്മതിക്കുകയും ചെയ്തു. ആബെ ബെയിലിയുടെ സ്കൂളിൽ കുറെനാൾക്കൂടെ പഠിച്ചതിനുശേഷം 1813ൽ ജോൺ സെമ്മനാരിയിൽ ചേർന്നു . പഠനം തൃപ്തികരമെല്ലെന്നും സ്വഭാവം വിശിഷ്ടമാണെന്നും റെക്ടർ ലയോണിസിലെ വികാരി ജനറാൾ മോൺകുർബ്ബനെ അറിയിച്ചു.
വികാരി ജനറാൾ റെക്ടറോട് ചോദിച്ചു. “വിയാനി ഭക്തിപൂർവ്വം കൊന്ത ചൊല്ലിമോ?” ദൈവഭക്തിയിൽ ഒന്നാം സ്ഥാനം വിയാനിക്കാണെന്ന് റെക്ടർ പറഞ്ഞു. എങ്കിൽ വിയാനിക്ക് ഞാൻ പട്ടം കൊടുക്കാൻ പോകുകയാണ്. 1815 ആഗസ്റ്റ് 13ം തിയതി ജോണിൻ പട്ടം കൊടുത്തു. രണ്ടു കൊല്ലം ബെയിലിയുടെ കീഴിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്തു. അനന്തരം ആഴ്സിലെ വികാരിയായി. കുമ്പസാരവും കുർബ്ബാനയുമില്ലാതെ ഡാൻസും മദ്യവും മേളവുമായി കഴിഞ്ഞിരുന്ന ആഴ്സ് ഒരു അനുതാപകേന്ദ്രമായി. തണുപ്പുകാലത്തു 12 മണിക്കൂറും മറ്റു കാലങ്ങളിൽ 18 മണീക്കൂറും ഫാദർ വിയാനി കുമ്പസാരക്കൂട്ടിൽ ചെലവഴിച്ചുപോന്നു. ഭക്ഷണം പുഴുങ്ങിയ ഉരുളക്കിഴങ്ങും പച്ചവെള്ളവുമായിരുന്നു. ആഴ്സിലെ മാനസാന്തരങ്ങൾ കണ്ട് പ്രകോപിതരായ പിശാചുക്കൾ ഫാദർ ജോണിന്റെ കട്ടിലിന് തീവയ്ക്കുകയുണ്ടായി. ഫാദർ ജോൺ സന്മാർഗ്ഗശാസ്ത്രം പഠിച്ചിട്ടില്ലാത്ത ഒരു കപട ഭക്തനാണെന്ന് ലിയോൺസിലെ മെത്രാന്റെ മുൻപാകെ അസൂയാലുക്കളായ വൈദികരുടെ ആരോപണമുണ്ടായി. വികാരി ജനറാൾ നടത്തിയ പരിശോധനയിൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിൻ ബോദ്ധ്യപ്പെട്ടു.
വിയാനിക്ക് പഠന സാമർദ്ധ്യമില്ലെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഉപദേശങ്ങളും എത്രയും സുന്ദരമായിരുന്നുവെന്ന് ആബെമോണീൽ എഴുതിയിരിക്കുന്ന ജീവചരിത്രം വിശദമാക്കുന്നുണ്ട്. പ്രസങ്ങങ്ങൾ ഫലിതസമ്മിശ്രവും ഹൃദയസ്പർശകവുമാണ്. തടിച്ച ഒരു സ്തീ സ്വർഗ്ഗത്തിലേക്ക് പോകാൻ എന്തു ചെയ്യണമെന്ന് ഫാദർ വിയാനിയോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ശ്രവിച്ചാലും. “രക്ഷയിലേക്കുള്ള മാർഗ്ഗം എത്രയും ഇടുങ്ങിയതും സങ്കുചിതവുമാണ്.” 20 വർഷത്തിനിടയ്ക്ക് 20 ലക്ഷം പാപികൾ അദ്ദേഹത്തെ സമീപിച്ച് ഉപദേശം വാങ്ങിയിട്ടുണ്ട്. മെത്രാന്മാരും വൈദികരുംകൂടി അദ്ദേഹത്തിന്റെ കുമ്പസാരക്കൂടിനെ സമീപിച്ചിരുന്നു. ഫ്രഞ്ചുഗവണ്മെന്റ് അദ്ദേഹത്തിൻ മാടമ്പ് സ്ഥാനം നല്കിയിട്ടുണ്ട്.(Knight of the Legion of Honour)
പ്രയശ്ചിത്തം കൊണ്ട് ശരീരം തീരെ മെലിഞ്ഞിരുന്നെങ്കിലും നേത്രങ്ങൾ അവസാനം വരെ ദൈവസ്നേഹത്തെ പ്രതിബിംബിച്ചിരുന്നു. കാര്യമായ രോഗമൊന്നും അദ്ദേഹത്തിനുണ്ടായിട്ടില്ല. ഒരാഴ്ചത്തെ ആലസ്യത്തിനു ശേഷം 73ം മത്തെ വയസ്സിൽ 1859 ആഗസ്റ്റ് 4ം തിയതി അദ്ദേഹം ദിവംഗതനാകയാണുണ്ടായത്.
വിചിന്തനം : ഒരിക്കൽ ജോൺ വിയാനി ജനങ്ങളോടു പറഞ്ഞു. “ എനിക്ക് ഇന്ന് രണ്ടെഴുത്ത് ലഭിച്ചു. ഒന്ന് എന്നെ വാനോളം പുകഴ്ത്തിയിരുന്നു. മറ്റേത് എന്നെ അങ്ങേയറ്റം അപലപിച്ചിരുന്നു. ആദ്യത്തേത് എന്റെ മൂല്യം വർദ്ദിപ്പിച്ചില്ല. രണ്ടാമത്തേത് എനിക്ക് യഥാർത്ഥത്തിലുള്ള ശ്രേഷ്ഠതയ്ക്ക് കുറവും വരുത്തിയില്ല“ ഈ പ്രശാന്ത മനോഭാവമാണ് ആദ്ധ്യാത്മിക പുരോഗതിക്ക് അഭിലഷണീയമായിട്ടുള്ളത്.
ഇതര വിശുദ്ധർ:
1. അഗാബിയൂസ് : വെറോണാ ബിഷപ്പ്
2. അരിസ്റ്റാർക്കൂസ് മെ.ർ: പൗലോസ് ശ്ലീഹയുടെ ഒരു സഖാവ്.
3. എലവിത്തേരിയൂസ് : ടാർസൂസ്.
4. എപ്പിഫാനെസ്സും ഇസിദോരും: ബെസൺസോൺ, ഫ്രാൻസ്