News - 2025
ഹാഗിയ സോഫിയ മോസ്ക്കാക്കുവാനുള്ള നീക്കത്തിനെതിരെ തുര്‍ക്കിക്ക് മുന്നറിയിപ്പുമായി റഷ്യ
പ്രവാചക ശബ്ദം 07-07-2020 - Tuesday
മോസ്കോ: തുര്‍ക്കിയുടെ ചരിത്ര പ്രതീകവും മുന്‍ കത്തീഡ്രല്‍ ദേവാലയവുമായ ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കുവാനുള്ള തുര്‍ക്കിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യന്‍ ഭരണകൂടവും ഓര്‍ത്തഡോക്സ് സഭയും രംഗത്ത്. 'ക്രിസ്തീയ സംസ്കൃതിയുടെ മഹത്തായ ചരിത്ര സ്മാരകങ്ങളില്‍ ഒന്നെന്ന് ഹാഗിയ സോഫിയയെ വിശേഷിപ്പിച്ച റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവൻ പാത്രിയാര്‍ക്കീസ് കിറില്‍, മുസ്ലീം പള്ളിയാക്കുവാനുള്ള നീക്കത്തില്‍ കടുത്ത ആശങ്കയുണ്ടെന്നു പ്രസ്താവനയില്‍ കുറിച്ചു.
ഹാഗിയ സോഫിയക്കെതിരെയുള്ള ഭീഷണി, ക്രിസ്ത്യന്‍ സംസ്കാരത്തിനുള്ള ഭീഷണിയാണ്. അതിനാല്‍ തന്നെ അത് നമ്മോടുള്ള ഭീഷണി തന്നെയാണ്. റഷ്യന്‍ ഓര്‍ത്തഡോക്സ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ദിവസം വരെ ഹാഗിയ സോഫിയ ഒരു മഹത്തായ ക്രിസ്ത്യന്‍ ദേവാലയം തന്നെയാണ്. ദേവാലയത്തിന്റെ പദവിയില്‍ മാറ്റം വരുത്തുന്നത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നും അതിനാല്‍ ഇത്തരം നീക്കങ്ങള്‍ കരുതലോടെ വേണമെന്നും പാത്രിയാര്‍ക്കീസ് കിറില്‍ തുര്‍ക്കി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ചരിത്ര പ്രാധാന്യമേറിയ ഹാഗിയ സോഫിയയുടെ ഭാവി സംബന്ധിച്ച തീരുമാനം തുര്‍ക്കിയുടെ ആഭ്യന്തര കാര്യമാണെങ്കിലും ലോക പൈതൃക കേന്ദ്രം എന്ന പദവി കണക്കിലെടുക്കണമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ ജനതയുടെ മനസ്സില്‍ ഹാഗിയ സോഫിയക്ക് വിശുദ്ധ മൂല്യമാണുള്ളതെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാഗിയ സോഫിയക്കുള്ള ആഗോള പ്രാധാന്യം തുര്‍ക്കി കണക്കിലെടുക്കുമെന്നാണ് റഷ്യയുടെ പ്രതീക്ഷയെന്ന് ഡെപ്യൂട്ടി ഫോറിന്‍ മിനിസ്റ്റര്‍ സെര്‍ഗേയി വെര്‍ഷിനിന്‍ പ്രതികരിച്ചു.
ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയ 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ മോസ്ക്കാക്കി മാറ്റുകയായിരിന്നു. പിന്നീട് ഇത് മ്യൂസിയമാക്കി മാറ്റിയെങ്കിലും മോസ്ക്കാക്കാനുള്ള ശ്രമത്തിലാണ് ഏര്‍ദോഗന്‍ ഭരണകൂടം. അത്ഭുത നിര്‍മ്മിതിയുടെ ഭാവി സംബന്ധിച്ച തീരുമാനം തുര്‍ക്കിയുടെ ഉന്നത കോടതിയുടെ പരിഗണനയിലാണിപ്പോള്‍. പതിനഞ്ചു ദിവസത്തിനകം ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക