News

ഇറാഖില്‍ ക്രൈസ്തവ സമൂഹം അപ്രത്യക്ഷമാകും? ഐ‌എസ് പതനത്തിനു ശേഷവും പലായനം തുടരുന്നു

പ്രവാചക ശബ്ദം 09-07-2020 - Thursday

റോം: ഇറാഖിലെ നിനവേ മേഖലയില്‍ കഴിഞ്ഞ വര്‍ഷം തിരിച്ചുവന്നതിനേക്കാള്‍ കൂടുതല്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പലായനം ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ന്റെ റിപ്പോര്‍ട്ട് പുറത്ത്. ഇറാന്റെ സഹായത്തോടെ നിനവേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക പോരാളികള്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥയാണ് ക്രൈസ്തവരെ ജന്മദേശം വിട്ട് പലായനം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതെന്നു 'ലൈഫ് ആഫ്റ്റര്‍ ഐസിസ്: ഇറാഖിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പുതിയ വെല്ലുവിളികള്‍' എന്ന തലക്കെട്ടോടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിനു സമാനമായി പുതിയ തീവ്രവാദി സംഘടന ആവിര്‍ഭവിക്കുമോ എന്ന ഭയവും ഇറാഖി ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ശക്തമാണ്.

എസിഎന്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 57% ക്രൈസ്തവരും തങ്ങള്‍ നിനവേ വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നു വെളിപ്പെടുത്തി. ഇതില്‍ തന്നെ അന്‍പത്തിയഞ്ചു ശതമാനവും 2024-നോടു കൂടെ തങ്ങള്‍ക്ക് ഇറാഖ് വിട്ടുപോവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ‘ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍ ആധിപത്യം ഉറപ്പിച്ച 2014 മുതല്‍ രാജ്യത്തെ ക്രൈസ്തവരുടെ എണ്ണം 1,02,000-ല്‍ നിന്നും 36,000 മാത്രമായി ചുരുങ്ങിക്കഴിഞ്ഞു. 2019-ല്‍ ബാഗ്ദിയ മേഖലയില്‍ നിന്നുമാത്രം ഏതാണ്ട് മൂവായിരത്തോളം കല്‍ദായ കത്തോലിക്ക കുടുംബങ്ങളാണ് വെറും മൂന്നു മാസങ്ങള്‍ക്കുള്ളില്‍ പലായനം ചെയ്തത്.

ഏതാണ്ട് പന്ത്രണ്ടു ശതമാനത്തോളം കുറവാണ് ഈ കാലയളവില്‍ കല്‍ദായ കത്തോലിക്കാ സമൂഹത്തിന്റെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനത്തിന് ശേഷം തിരിച്ചു വന്ന ക്രൈസ്തവ കുടുംബങ്ങള്‍ വരെ ഇപ്പോള്‍ ഇറാഖ് വിട്ടുപോകുവാനാണ് ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രാദേശിക ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ വീണ്ടും തുടരുന്നതില്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ തങ്ങളുടെ സുരക്ഷിതത്വക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാണെന്ന് എ.സി.എന്‍ നിനവേ പുനര്‍നിര്‍മ്മാണ കമ്മിറ്റിയുടെ തലവനായ ഫാ. ആഡ്രസേജ് ഹാലെംബാ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

ഇസ്ലാമിക പോരാളികളുടെ അക്രമ ഭീഷണി, മോഷണം തുടങ്ങിയവയ്ക്കു ക്രൈസ്തവ സമൂഹം തുടര്‍ച്ചയായി ഇരയാകുകയാണെന്നും സാമ്പത്തിക പരാധീനതയും, തൊഴിലില്ലായ്മയും നിനവേ മേഖലയിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ പലായനത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഇറാഖില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ അപ്രത്യക്ഷമാകുമെന്ന ഞെട്ടിക്കുന്ന സൂചനകളിലേക്കാണ് പുതിയ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. 2003-ല്‍ ഏതാണ്ട് 15 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ നാലിലൊന്ന് ക്രൈസ്തവര്‍ മാത്രമാണ് അവശേഷിക്കുന്നത്.


Related Articles »