Life In Christ - 2025

ഓപ്പറേഷന് മുന്‍പ് ജപമാല: വൈറല്‍ ചിത്രത്തിന് പിന്നാലെ തന്റെ വിശ്വാസം ഏറ്റുപറഞ്ഞ് കൊളംബിയന്‍ ഡോക്ടര്‍

പ്രവാചക ശബ്ദം 10-07-2020 - Friday

കൊളംബിയ: ശസ്ത്രക്രിയയ്ക്കു ഓപ്പറേഷന്‍ റൂമിൽ പ്രവേശിക്കുന്നതിനുമുമ്പ് ജപമാല ചൊല്ലുന്ന കൊളംബിയക്കാരൻ ഡോക്ടറുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ഡോ. നെസ്തർ റാമിറസ് അരിയേറ്റ എന്ന അനസ്തേഷ്യാ വിദഗ്ധനായ ഡോക്ടറുടെ ചിത്രമാണ് കൊറോണ കാലത്തെ വിശ്വാസ സാക്ഷ്യമായി നവമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇവാഞ്ചലിക്കല്‍ പാസ്റ്ററായ ലൂയിസ് ആൽബേർട്ടോയാണ്, ഫ്രാൻസിസ്കൻ സന്യാസിനികളുടെ ഉടമസ്ഥതയിലുള്ള മദർ ബർണാർഡ ക്ലിനിക്കിൽ സേവനം ചെയ്യുന്ന ഡോ. നെസ്തർ റാമിറസിന്റെ വിശ്വാസ സാക്ഷ്യത്തിന്റെ ചിത്രം പങ്കുവെച്ചത്.

ഈ ദൃശ്യം തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്ന് ലൂയിസ് ആൽബേർട്ടോ പറഞ്ഞു. കൊറോണ വൈറസ് പടരുന്ന ഈ കാലഘട്ടത്തിൽ പല ഷിഫ്റ്റുകളിലായി മാനസിക സമ്മർദ്ദം അനുഭവിച്ചു ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ കഷ്ടപ്പാടിനെ പറ്റി സ്മരിക്കാൻ സാധിച്ചു. നെസ്തർ റാമിറസിന്റെ പ്രാർത്ഥനയോടൊപ്പം തന്റെ പ്രാർത്ഥനയും രോഗികള്‍ക്ക് വേണ്ടി ക്ലേശം സഹിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമായി ദൈവസന്നിധിയിലേക്ക് ഉയർത്തുന്നുണ്ടായിരിന്നുവെന്ന് ലൂയിസ് പറഞ്ഞു.

താന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത് വളരെ വൈകിയാണ് ശ്രദ്ധിച്ചതെന്നു ഡോ. നെസ്തർ റാമിറസ് കാത്തലിക് ന്യൂസ് ഏജൻസിയുടെ സ്പാനിഷ് വിഭാഗമായ എ‌സി‌ഐ പ്രെന്‍സയോട് പറഞ്ഞു. എല്ലാ ദിവസവും പുലർച്ചെ പ്രാർത്ഥിച്ചിട്ടാണ് തന്റെ ജോലി ആരംഭിക്കുന്നത്. താൻ വലിയൊരു വിശ്വാസി അല്ലായിരുന്നു. 18 വർഷങ്ങൾക്കു മുമ്പ് ഒരു കുടുംബ പ്രശ്നം ഉണ്ടായപ്പോൾ, താൻ ആത്മീയ ഉപദേശകരുടെ സഹായം തേടി. ഇതിനു പിന്നാലെയാണ് ദിവ്യകാരുണ്യ ഭക്തിയിലേക്കുള്ള മടങ്ങിപ്പോകാൻ ആരംഭിച്ചത്. ഭാര്യയിലൂടെ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ ശക്തി അറിഞ്ഞതു താൻ ദൈവത്തിങ്കലേക്ക് തിരിയാൻ ഉണ്ടായ മറ്റൊരു കാരണമായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ദിവസേന പുലർച്ചെ നാലരയ്ക്ക് ജപമാല ചൊല്ലിയതിന് ശേഷം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമെന്നും അവിടെ നിന്നാണ് ആശുപത്രിയിലേക്ക് പോകുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജോലിക്ക് മുമ്പ് ദിവ്യകാരുണ്യത്തിന് മുന്നിൽ പ്രാർത്ഥിക്കാറുണ്ടെന്നും ഡോ. റാമിറസ് പറയുന്നു. പ്രാർത്ഥനയ്ക്ക് ശേഷം നടത്തുന്ന ശസ്ത്രക്രിയകളിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം താന്‍ അനുഭവിക്കാറുണ്ട്. ദൈവത്തിൽ കൂടുതലായി ശരണപ്പെട്ട്, ചികിത്സയ്ക്ക് വരുന്ന വരെ ദൈവസന്നിധിയിൽ സമർപ്പിക്കാൻ എല്ലാ ഡോക്ടർമാരോടും അദ്ദേഹം ആഹ്വാനം ചെയ്തു. യേശുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെട്ട് ആത്മീയജീവിതം നയിക്കുന്നതാണ് അനുദിനം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ നമുക്ക് ശക്തി തരുന്നതെന്നും അദ്ദേഹം പറയുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »