India - 2025
കോവിഡ് മൃതസംസ്കാരത്തിന് സഹായമേകാന്‍ കോതമംഗലം രൂപതയുടെ സന്നദ്ധ സേനയും
പ്രവാചക ശബ്ദം 22-07-2020 - Wednesday
കോതമംഗലം: രൂപതയില്‍ ആരെങ്കിലും കോവിഡ് ബാധിച്ച് മരണമടഞ്ഞാല്‍ ആ വ്യക്തിക്ക് കത്തോലിക്ക വിശ്വാസം അനുസരിച്ചുള്ള സംസ്കാര ശുശ്രൂഷകള്‍ ലഭ്യമാക്കാന്‍ കോതമംഗലം സമരിറ്റന്‍സ് എന്ന പേരില്‍ സന്നദ്ധസേന രൂപീകരിച്ചു. രൂപതയിലെ വൈദികരും അല്‍മായരുമടങ്ങുന്ന വോളന്റിയേഴ്സ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചും പിപിഇ കിറ്റ് ധരിച്ചും സംസ്കാര ശുശ്രൂഷയുടെ പ്രാര്‍ഥനകളും അനുബന്ധകര്‍മ്മങ്ങളും ചെയ്യും. 22 വൈദികരും 61 അല്‍മായരുമടങ്ങിയതാണ് സന്നദ്ധസേന.
കോവിഡ് ബാധിച്ച് മരിക്കുന്ന മറ്റ് മതസ്ഥരുടെ മൃതസംസ്കാരത്തിന് സഹായിക്കുവാന്‍ ആളില്ലാതെ വരുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുകയും തദ്ദേശ സ്വയംഭരണസ്ഥാപനത്തില്‍ നിന്നും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും രേഖാമൂലം ശിപാര്‍ശ ലഭിക്കുകയും ചെയ്താല്‍ സേവനം രൂപതാതിര്‍ത്തിക്കുള്ളിലുള്ള ഇതര മതസ്ഥര്‍ക്കും നല്‍കും. കോതമംഗലം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കത്തോലിക്ക കോണ്‍ഗ്രസ്, യുവദീപ്തി കെസിവൈഎം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് കോതമംഗലം സമരിറ്റന്‍സ് രൂപീകരിച്ചിരിക്കുന്നത്.