Life In Christ - 2025

കോവിഡ് കാലത്ത് ബ്രസീലിലെ ഫ്രാന്‍സിസ്കന്‍ സമൂഹം വിതരണം ചെയ്തത് 5,00,000 ഭക്ഷണപൊതികള്‍

പ്രവാചക ശബ്ദം 29-07-2020 - Wednesday

സാവോപോളോ: കോവിഡ് കാലത്ത് ഭവനരഹിതര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും കുടിയേറ്റക്കാർക്കുമായി ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന് കീഴിലുള്ള സോളിഡാരിറ്റി സർവീസ് വിതരണം ചെയ്തത് അഞ്ചുലക്ഷത്തിലധികം ഭക്ഷണപൊതികള്‍. സാവോ പോളോ നഗരത്തിന്റെ മധ്യമേഖലയിലാണ് ഭക്ഷണം വിതരണം നടന്നുകൊണ്ടിരിക്കുന്നത്. മഹാമാരിയുടെ ആരംഭം മുതല്‍ അനുദിന ഭക്ഷണ മാര്‍ഗ്ഗത്തിന് യാതൊരു വഴിയുമില്ലാതെ ദുഃഖത്തിലാണ്ട ആയിരങ്ങള്‍ക്ക് ഫ്രാൻസിസ്കൻ സമൂഹം ആശ്വാസമാകുകയായിരിന്നു. ദിനം പ്രതി നാലായിരത്തോളം ഭക്ഷണ പൊതികളാണ് ഇവര്‍ വിതരണം ചെയ്തു വരുന്നത്. പദ്ധതിക്ക് സഹായവുമായി നിരവധി പേര്‍ കടന്നുവന്നുവെന്ന് ഫ്രാൻസിസ്കൻ വികാരി ജനറാള്‍ ഫാ. ഗുസ്താവോ മെഡെല്ല പറഞ്ഞു.

ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിനിടയിലും, ഐക്യദാര്‍ഢ്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും തങ്ങളുടെ നന്മ വെളിപ്പെടുത്തുന്ന ധാരാളം ആളുകളുണ്ടെന്ന് ഫാ. ഗുസ്താവോ കൂട്ടിച്ചേര്‍ത്തു. പോഷകാഹാരത്തിനുള്ള അടിസ്ഥാന അവകാശം ധാരാളം ആളുകൾക്കു നിഷേധിക്കപ്പെടുന്നുവെന്നതിന്റെ സൂചനയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയധികം ഭക്ഷണ വിതരണം നടത്തേണ്ട സാഹചര്യം ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണപൊതികള്‍ക്ക് പുറമെ അഞ്ഞൂറിലധികം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ആയിരക്കണക്കിന് പുതപ്പുകളും വ്യക്തിഗത ശുചിത്വ കിറ്റുകളും ഫ്രാൻസിസ്കൻ മിഷ്ണറിമാര്‍ വിതരണം ചെയ്തിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »