Life In Christ - 2025
ഫ്രാന്‍സിസ് പാപ്പ: ഏറ്റവും കൂടുതല്‍ പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ പത്രോസിന്റെ പിന്‍ഗാമി
പ്രവാചക ശബ്ദം 11-08-2020 - Tuesday
വത്തിക്കാൻ സിറ്റി: ഏറ്റവും കൂടുതല്‍ പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ പത്രോസിന്റെ പിന്‍ഗാമി ഫ്രാന്‍സിസ് പാപ്പ. പ്രമുഖ കത്തോലിക്ക മാധ്യമമായ ‘റോം റിപ്പോർട്ട്‌സാ’ണ് ഏറ്റവും കൂടുതൽ വിശുദ്ധ പദവി പ്രഖ്യാപനം നിർവഹിച്ചത് ഫ്രാൻസിസ് പാപ്പയാണെന്ന വാർത്ത കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 27 വര്‍ഷം തിരുസഭയെ നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പ 482 പേരെയാണ് വിശുദ്ധരായി നാമകരണം ചെയ്തത്. അതേസമയം ഫ്രാൻസിസ് മാർപാപ്പ വിശ്വാസത്തിന് സാക്ഷ്യം നല്‍കിയ 898 അതുല്യ വ്യക്തിത്വങ്ങളെയാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്.
ഇതില്‍ അത്ഭുതമില്ലെന്നും ഒട്രാന്റോയിൽ നിന്നുള്ള എണ്ണൂറിലധികം പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നതിനാലാണ് എണ്ണം വര്‍ദ്ധിച്ചതെന്നും വിശുദ്ധരുടെ നാമകരണത്തിനായുള്ള കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു പറഞ്ഞു. 2013-ല്‍ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനായി രണ്ടു മാസം പിന്നിട്ടപ്പോഴാണ് (2013 മേയ് 13) ഒട്രാന്റോയിൽ നിന്നുള്ള അന്റോണിയോ പ്രിമാള്‍ഡോ ഉള്‍പ്പെടെ 813 രക്തസാക്ഷികളെ വിശുദ്ധ പദവിയിലേക്ക് ഫ്രാന്‍സിസ് പാപ്പ ഉയര്‍ത്തിയത്.
തെക്കൻ ഇറ്റലിയിലെ ഒട്രാന്റോയിലെ സാലന്റൈൻ നഗരം ഓട്ടോമൻ ചക്രവർത്തി ഗെഡിക് അഹമ്മദ് പാഷ പിടിച്ചടുക്കിയപ്പോൾ, ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നു രക്തസാക്ഷിത്വം വരിച്ചവരാണ് 813 പേരും. 1480 ഓഗസ്റ്റ് 14നാണ് യേശുവിലുള്ള വിശ്വാസത്തെ പ്രതി ഇവര്‍ മരണം ഏറ്റുവാങ്ങിയത്. ഇവരെ 1771ൽ ക്ലമന്റ് പതിനാലാമൻ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. 2007ൽ ബനഡിക്ട് 16-ാമൻ പാപ്പ ഇവരുടെ രക്തസാക്ഷിത്വം യേശുവിലുള്ള വിശ്വാസത്തെ പ്രതിയാണെന്ന് പ്രഖ്യാപിക്കുന്ന ഡിക്രി പുറപ്പെടുവിച്ചിരിന്നു. ഇവരെ കൂടാതെ 85 പേരെ കൂടി ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചതോടെയാണ് ആകെ വിശുദ്ധന്മാരുടെ എണ്ണം 898 ആയി മാറിയത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക