Life In Christ - 2025
കുഞ്ഞിന്റെ വരവില്‍ ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന സങ്കീർത്തന ഭാഗവുമായി ഹോളിവുഡ് താരം ക്രിസ് പ്രാറ്റ്
പ്രവാചക ശബ്ദം 11-08-2020 - Tuesday
ന്യൂയോര്‍ക്ക്: കുഞ്ഞിന്റെ വരവില്‍ ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന സുവിശേഷത്തിലെ സങ്കീർത്തന ഭാഗങ്ങൾ ഉൾപ്പെടുത്തി ഹോളിവുഡ് താരം ക്രിസ് പ്രാറ്റിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ഇന്നലെയാണ് ക്രിസ് പ്രാറ്റ്- കാതറിൻ ഷ്വാർസ്‌നെഗർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ഇത് നവമാധ്യമങ്ങളിലൂടെ അറിയിക്കാന്‍ അദ്ദേഹം കൂട്ടുപിടിച്ചത് ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന സങ്കീർത്തന ഭാഗങ്ങളായിരിന്നു. മകൾ ലൈല മരിയ ഷ്വാർസ്‌നെഗർ പ്രാറ്റിന്റെ ജനനം പങ്കുവെക്കുന്നതിൽ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും അങ്ങേയറ്റം അനുഗൃഹീതരായിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുറിച്ചതിന് ശേഷമാണ് സങ്കീര്‍ത്തനങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.
"കർത്താവു ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു; ഞങ്ങൾ സന്തോഷിക്കുന്നു" (സങ്കീർത്തനം 126:3), "കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും. യൗവനത്തിൽ ജനിക്കുന്ന മക്കൾ യുദ്ധവീരന്റെ കൈയിലെ അസ്ത്രങ്ങൾ പോലെയാണ്. അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവൻ ഭാഗ്യവാൻ; നഗരകവാടത്തിങ്കൽവച്ച് ശത്രുക്കളെ നേരിടുമ്പോൾഅവനു ലജ്ജിക്കേണ്ടിവരുകയില്ല"(സങ്കീർത്തനം 127:3-5) എന്നതായിരിന്നു ക്രിസ് കുറിച്ച സങ്കീര്‍ത്തനങ്ങള്‍. ചുരുങ്ങിയ സമയം കൊണ്ട് രണ്ട് മില്യണിലധികം ആളുകളാണ് പോസ്റ്റു ലൈക്ക് ചെയ്തിരിക്കുന്നത്.
തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് ക്രിസ് പ്രാറ്റ്. എം ടിവി സിനിമ & ടിവി അവാര്‍ഡ് ദാന ചടങ്ങില്‍ ദൈവം യാഥാര്‍ത്ഥ്യമാണെന്നും നമ്മുക്ക് ആത്മാവുണ്ടെന്ന് തിരിച്ചറിയണമെന്നും ക്രിസ് പ്രാറ്റ് പരസ്യമായി പ്രസ്താവിച്ചിരിന്നു. 2017-ല്‍ ഈസ്റ്ററിന് മുമ്പുള്ള ശനിയാഴ്ച ദിവസം തന്റെ വീടിനു സമീപത്തുള്ള ചെറു കുന്നില്‍ ഒരു കുരിശ് രൂപം ഉയര്‍ത്തിയും ക്രിസ് പ്രാറ്റ് തന്റെ വിശ്വാസം പ്രകടമാക്കിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക