News
കന്ധമാൽ കൂട്ടക്കൊലയുടെ നീറുന്ന സ്മരണകളോടെ പന്ത്രണ്ടുദിന പ്രാര്‍ത്ഥനായത്നത്തിന് ആരംഭം
പ്രവാചക ശബ്ദം 12-08-2020 - Wednesday
ഫുല്‍ബാനി: ഒഡീഷയിലെ കന്ധമാലില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലയുടെ പന്ത്രണ്ടാമത് വാര്‍ഷികത്തിനു (ആഗസ്റ്റ് 23) മുന്നോടിയായി പന്ത്രണ്ടു ദിന പ്രാര്‍ത്ഥനായത്നത്തിന് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭം. ക്രൈസ്തവരെന്ന കാരണത്താല്‍ നീതി നിഷേധിക്കപ്പെട്ട് ഒരു ദശാബ്ദത്തോളം ജയിലില്‍ കഴിയുകയും ഇപ്പോഴും വിചാരണ നേരിടുകയും ചെയ്യുന്ന ഭാസ്കര്‍ സുനാമാജി, ബിജയ്കുമാര്‍ സന്‍സേത്, ബുദ്ധദേവ് നായക്, ദുര്‍ജോ എസ് സുനാമാജി, മുണ്ട ബഡാമാജി, ഗോര്‍നാഥ് ചാലന്‍സേത്ത്, സനാഥന ബഡാമാജി എന്നിവരെ പ്രധാനമായും കേന്ദ്രീകരിച്ചാണ് പ്രാര്‍ത്ഥന.
2008ല്‍ കന്ധമാലില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലയുടെ നീറുന്ന ഓര്‍മ്മകള്‍ ഓരോ ക്രൈസ്തവന്റേയും മനസ്സില്‍ ഉണര്‍ത്തുകയാണ് പ്രാര്‍ത്ഥനായത്നത്തിന്റെ ലക്ഷ്യമെന്ന് കന്ധമാൽ കൂട്ടക്കൊല പുറം ലോകത്തെത്തിക്കുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയിട്ടുള്ള എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആന്റോ അക്കര പറഞ്ഞു. അക്രമത്തിന്റെ ഓര്‍മ്മകള്‍ ഓരോരുത്തരുടെയും മനസില്‍ ഉണരണമെന്നും നീതിക്ക് വേണ്ടിയുള്ള ക്രൈസ്തവന്റെ ആയുധം പ്രാര്‍ത്ഥനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബങ്ങളിലും, ദേവാലയങ്ങളിലും, കൂട്ടായ്മകളിലുമായി നടക്കുന്ന പ്രാര്‍ത്ഥനായത്നത്തിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഒഡിയ, തമിഴ് ഭാഷകളിലുള്ള പ്രാര്‍ത്ഥനകള്‍ വിവിധ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കപ്പെടുന്നുണ്ട്.
2008-ൽ ലക്ഷ്മണാനന്ദ സരസ്വതി എന്ന സ്വാമിയെ ക്രെെസ്തവർ കൊന്നുവെന്ന വ്യാജ ആരോപണം പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ക്രെെസ്തവർക്കു നേരേ തീവ്ര ഹൈന്ദവ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. പിന്നീട് നടന്ന കൂട്ടക്കൊലയിൽ നൂറ്റിയിരുപതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം ഭവനങ്ങളാണ് അന്ന് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കന്യാസ്ത്രീ അടക്കമുള്ള നിരവധി ക്രിസ്ത്യന്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയായിരിന്നു. എന്നാല്‍ ലക്ഷ്മണാനന്ദ സ്വരസ്വതിയെ കൊല്ലപ്പെടുത്തിയെന്ന വ്യാജ ആരോപണം ക്രൈസ്തവരുടെ മേല്‍ കെട്ടിവെയ്ക്കുകയായിരിന്നു. പതിനൊന്ന് വര്‍ഷങ്ങളോളം ജയില്‍ കഴിഞ്ഞ ക്രൈസ്തവര്‍ ഇപ്പോഴും കോടതി വിചാരണ നേരിടുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക