News

ഭരണകൂടം ഇടപ്പെട്ടു; കന്ധമാൽ ക്രൈസ്തവ രക്തസാക്ഷികളെ ആദരിക്കൽ ചടങ്ങ് മാറ്റിവെച്ചു

പ്രവാചകശബ്ദം 12-01-2024 - Friday

ന്യൂഡൽഹി: യേശുവിലുള്ള വിശ്വാസത്തെ പ്രതി തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളില്‍ മരണം വരിച്ച ഒഡീഷയിലെ കന്ധമാല്‍ രക്തസാക്ഷികളുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാൻ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നു കന്ധമാൽ രക്തസാക്ഷികളെ അനുസ്മരിച്ച് നടത്താനിരിന്ന ചടങ്ങ് മാറ്റിവച്ചു. ഭരണകൂടത്തിന്റെയും പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പരിപാടി മാറ്റിവയ്ക്കുകയാണെന്ന് കട്ടക്ക്-ഭുവനേശ്വര്‍ ആർച്ച് ബിഷപ്പ് ജോൺ ബർവ യുസിഎ ന്യൂസിനോട് പറഞ്ഞു.

ഏപ്രിൽ-മെയ് മാസങ്ങളിൽ താൽക്കാലികമായി ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന തെരഞ്ഞെടുപ്പിന് രാജ്യം തയ്യാറെടുക്കുന്നതിനാൽ പരിപാടി നടത്താൻ ഇത് ഉചിതമായ സമയമല്ലായെന്നാണ് ഭരണകൂടവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പറയുന്നത്. 2008-ലെ ക്രിസ്ത്യൻ വിരുദ്ധ അക്രമത്തിൽ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷികളായ 35 ദൈവദാസന്മാരെ ആദരിക്കുന്നതിനായി ജനുവരി 9-ന് റെയ്കിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങിൽ പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതേസമയം വോട്ടെടുപ്പില്‍ ക്രൈസ്തവ വികാരം പ്രതിഫലമാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ പരിപാടി മാറ്റിവെയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ധം ആണോയെന്ന സംശയവും ശക്തമാണ്.

2008 ഓഗസ്റ്റ് 23 ജന്മാഷ്ഠമി ദിവസം 81 വയസുണ്ടായിരുന്ന ലക്ഷ്മണാനന്ദ സ്വാമിയെ കൊലപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രണ്ടുദിവസമാണ് ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യണം എന്ന് മുദ്രാവാക്യം മുഴക്കി സ്വാമി ലക്ഷ്മണാനന്ദയുടെ മൃതശരീരവുമായി കന്ധമാലിലെ തെരുവിലൂടെ അവർ നടന്നു നീങ്ങിയത്. ക്രൈസ്തവരെ ശത്രുക്കളായി കാണാനുള്ള വർഗ്ഗീയ മാർഗ്ഗമായി ഇതിനെ അവതരിപ്പിക്കുകയായിരിന്നു. അവിടെ ഇനിയും ജീവിക്കണമെന്നുണ്ടെങ്കിൽ മതം മാറണമെന്ന് ഹിന്ദുത്വവാദികൾ ക്രൈസ്തവരോട് ആവശ്യപ്പെട്ടെങ്കിലും ക്രൈസ്തവർ ഇതിന് വിസമ്മതിച്ചു.

ഇതിന് പിന്നാലെ നിരവധിപേർ ദാരുണ മരണത്തിന് ഇരയായി. നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം പുൽകിയത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടി ഒളിച്ചു. 6000 വീടുകളും, 300 ദേവാലയങ്ങളും അക്രമ സംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവനരഹിതരായി മാറിയത്. ഇത്രയൊക്കെ നടന്നിട്ടും കന്ധമാൽ ക്രൈസ്തവർക്ക് നീതി ഇന്നും അകലെയാണ്. കേസിൽ പ്രതികളായി അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കുന്നതിനെതിരെയും, കൂട്ടക്കൊലയുടെ ഇരകളാക്കപ്പെട്ടവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതിരിക്കുന്നതിനേയും വിമര്‍ശിച്ച് കോടതി തന്നെ രംഗത്തെത്തിയിരിന്നു.

കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വിവിധ ഭാഗങ്ങള്‍ പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: അത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »