Life In Christ - 2024

സിഎംസി സന്യാസ സമൂഹത്തില്‍ ആദ്യമായി അമേരിക്കന്‍ സ്വദേശിനിയായ സന്യാസാര്‍ത്ഥിനി

പ്രവാചക ശബ്ദം 14-08-2020 - Friday

ഷിക്കാഗോ: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയില്‍ വനിതകള്‍ക്കു വേണ്ടിയുള്ള പ്രഥമ തദ്ദേശീയ സമര്‍പ്പിത സമൂഹമായ സിഎംസി സന്യാസിനി സമൂഹത്തിലേക്ക് ആദ്യമായി അമേരിക്കന്‍ സ്വദേശിനിയായ സന്യാസാര്‍ത്ഥിനി. അമേരിക്കയിലെ കെനോഷ ഹോളി റോസറി ഇടവകാംഗമായ ഡിയാനന്‍ ലവാണ് നാളെ ശനിയാഴ്ച സിഎംസി സന്യാസി സമൂഹത്തിലേക്ക് പ്രവേശിക്കുന്നത്. ഗാരിയിലുള്ള സിഎംസി മഠത്തിലാണ് ഡിയാനന്‍ ലവ് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളിലെ പഠനമാണ് തന്റെ ജീവിതത്തിൽ ആത്മീയതയുടെ വിത്തുകൾ പാകിയതെന്ന് ഡിയാനന്‍ പറയുന്നു.

വിസ്കോണ്‍സിലെ കെനോഷ പട്ടണത്തിൽ ആറുമക്കളുള്ള കുടുംബത്തിലാണ് ഡിയാനന്‍റെ ജനനം. ഹോം ബിസിനസ് നടത്തുന്ന അമ്മയും ടെക്‌നോളജി മീഡിയ ഫീൽഡിൽ ജോലി ചെയ്യുന്ന അപ്പനും ആറ് സഹോദരങ്ങളും അടങ്ങുന്ന കുടുംബമാണ് ഡിയാനയുടേത്. ജീവിതത്തിൽ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് നിത്യാരാധനയുടെ മുൻപിൽ സമയം ചിലവഴിച്ചപ്പോള്‍ ഉത്തരം ലഭിച്ചുവെന്നും അങ്ങനെയാണ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചതെന്നും ഡിയാനന്‍ പറയുന്നു. 2016ലാണ് പരിശീലനത്തിനായി ഡിയാനന്‍ ലവ് മഠത്തില്‍ ചേര്‍ന്നത്. നാളെ ഷിക്കാഗോയില്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന പ്രത്യേക ശുശ്രൂഷയില്‍ ഡിയാനന്‍ ലവ് സഭാവസ്ത്രം സ്വീകരിക്കും.

1866ല്‍ വിശുദ്ധ ചാവറയച്ചനാല്‍ സ്ഥാപിതമായ സീറോ മലബാര്‍ സഭയിലെ ആദ്യത്തെ സന്യാസി സമൂഹമായ സിഎംസി, രാജ്യത്തിനു പുറത്തേക്കും തങ്ങളുടെ പ്രേഷിത പ്രവര്‍ത്തന ശൃംഖല ഇതിനകം വിപുലപ്പെടുത്തിയിട്ടുണ്ട്. ആറായിരത്തിയഞ്ഞൂറോളം അംഗങ്ങളാണു സന്യാസിനി സമൂഹത്തില്‍ ഇപ്പോഴുള്ളത്. ഇതില്‍ ഇരുന്നൂറിലധികം പേര്‍ ഇന്ത്യയ്ക്കു പുറത്താണു സേവനം ചെയ്യുന്നത്. പെറു, ഇംഗ്ലണ്ട്, ഇറ്റലി, ജര്‍മനി, യുഎസ്എ, കാനഡ, ഇറാഖ് എന്നിവിടങ്ങളിലും ആറ് ആഫ്രിക്കന്‍ രാജ്യങ്ങളിലും സിഎംസി സന്യാസിനികള്‍ സജീവമായി സേവനം ചെയ്യുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »