India - 2025
കോട്ടയം അതിരൂപത മലബാര്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
17-08-2020 - Monday
കണ്ണൂര്‍: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപത മലബാര്‍ റീജണ്‍ നേതൃത്വം നല്‍കുന്ന മലബാര്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതസംസ്കാര ശുശ്രൂഷയില്‍ സഹായിക്കുന്നതിനുമായാണ് മലബാര്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അല്മായ സംഘടനകളായ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെയും ക്നാനായ കത്തോലിക്ക യൂത്ത് ലീഗിന്റെയും ഒപ്പം വൈദികരുടെയും സഹകരണത്തോടെയാണു മലബാര്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.
ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കി. മലബാര്‍ ടാസ്ക് ഫോഴ്സ് പദ്ധതി കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.ജോസ് നെടുങ്ങാട്ട് സ്വാഗതമാശംസിച്ചു. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിനെ പ്രതിനിധീകരിച്ചു ഡിഎംഒ ബെന്നി ജോസഫ് ആമുഖസന്ദേശം നല്‍കി. വി.പി.ദിലീപ് പരിശീലനത്തിനു നേതൃത്വം നല്‍കി. കെസിവൈഎല്‍ മലബാര്‍ റീജണ്‍ പ്രസിഡന്റ് ആര്‍ബര്‍ട്ട് തോമസ് നന്ദി പറഞ്ഞു. വിവിധ ഫൊറോനകളില്‍നിന്നായി 11 വൈദികരും 39 അല്മായരുമുള്‍പ്പെടെ 50 പേരടങ്ങുന്നതാണു മലബാര്‍ ടാസ്ക് ഫോഴ്സ് ടീം. പരിശീലനപരിപാടിക്ക് മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ.ബിബിന്‍ തോമസ് കണ്ടോത്ത്, ഫാ.സിബിന്‍ കുട്ടക്കല്ലുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക