News - 2025

ക്രിസ്ത്യന്‍ രാഷ്ട്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ പാപുവ ന്യൂ ഗിനിയ ഒരുങ്ങുന്നു

പ്രവാചക ശബ്ദം 19-08-2020 - Wednesday

പോര്‍ട്ട്‌ മോറെസ്ബി: ഭരണഘടന പ്രകാരം ക്രിസ്ത്യന്‍ രാഷ്ട്രമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നിര്‍ദ്ദേശത്തിന് തെക്ക്-പടിഞ്ഞാറന്‍ പസഫിക് ദ്വീപ് രാഷ്ട്രമായ പാപുവ ന്യൂ ഗിനിയയുടെ (പി.എന്‍.ജി) ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. ക്രൈസ്തവ വിശ്വാസത്തിന് ജന സമൂഹത്തിനു മേല്‍ നിര്‍ണ്ണായക സ്വാധീനമുള്ളതിനാല്‍ നിര്‍ദ്ദേശം അനായേസേന അംഗീകരിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി ജെയിംസ് മാറാപെ പറഞ്ഞു. കുലീന പാരമ്പര്യവും, ക്രിസ്തീയ മൂല്യങ്ങളും രാജ്യത്തിന്റെ അടിസ്ഥാനമായി ഭരണഘടനയില്‍ പറയുന്നുണ്ടെങ്കിലും ഭരണഘടനയുടെ നാല്‍പ്പത്തിയഞ്ചാമത്തെ വിഭാഗത്തില്‍ മറ്റ് മതങ്ങളേയും അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതാണ്ട് ഇരുപതോളം വിവിധ ക്രിസ്ത്യന്‍ സഭാവിഭാഗങ്ങള്‍ രാജ്യത്തുണ്ട്. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ 60 മുതല്‍ 80 ശതമാനം വരെ സംഭാവന ചെയ്യുന്നത് ക്രിസ്ത്യന്‍ സഭകളാണ്. സഭകളുടെ പ്രവര്‍ത്തനങ്ങളെയാണ് ജനങ്ങള്‍ കൂടുതല്‍ വിശ്വസിക്കുന്നതെന്ന കാര്യവും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താത്തിടത്തോളം കാലം ഓരോ പൗരനും സ്വന്തം മതത്തില്‍ വിശ്വസിക്കുവാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്കാരിക പൈതൃകം, ക്രൈസ്തവ വിശ്വാസം എന്നീ രണ്ട് അടിസ്ഥാന തത്വങ്ങളിലാണ് രാജ്യം സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് ഭരണഘടനയുടെ മുഖവുരയില്‍ പറയുന്നുണ്ട്. മലയാളിയും കോട്ടയം അതിരൂപതാംഗമായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലാണ് പാപുവ ന്യൂ ഗിനിയയുടെ അപ്പസ്‌തോലിക നൂണ്‍ഷ്യോ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »