India - 2024

ഭക്ഷണമില്ലാത്തവര്‍ക്കു ഭക്ഷണമുറപ്പാക്കാന്‍ സഭാസംവിധാനങ്ങള്‍ നടപടിയെടുക്കണം: സീറോ മലബാര്‍ സിനഡ്

പ്രവാചക ശബ്ദം 21-08-2020 - Friday

കൊച്ചി: കോവിഡ് മഹാമാരി ആശങ്കാജനകമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ദാരിദ്ര്യവും പട്ടിണിയും വ്യാപിക്കുന്നതായും ഭക്ഷണമില്ലാത്തവര്‍ക്കു ഭക്ഷണമുറപ്പാക്കാന്‍ സഭാസംവിധാനങ്ങള്‍ നടപടിയെടുക്കണമെന്നും സീറോമലബാര്‍ സഭയുടെ മെത്രാന്‍ സിനഡ്. ഇരുപത്തിയെട്ടാമത് സിനഡിന്‍റെ രണ്ടാം സമ്മേളനത്തിന്‍റെ നാലാം ദിവസമാണ് ഇക്കാര്യം സഭാനേതൃത്വം ചര്‍ച്ച ചെയ്തത്. സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഭ പൂര്‍ണ്ണമായി പിന്‍തുണ നല്കുന്നുണ്ട്. സഭയുടെ സാമൂഹിക സേവന വിഭാഗമായ സ്പന്ദന്‍ വഴി 53.3 കോടി രൂപയുടെ വിവിധ സഹായ പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ഇടപെടലുകള്‍കൊണ്ട് ദരിദ്രരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ കാര്യത്തില്‍ സഭയ്ക്കു സവിശേഷമായ ശ്രദ്ധയുണ്ടാകണം. ഓരോ ഇടവകയും സഭാസ്ഥാപനവും തങ്ങള്‍ക്കു ചുറ്റുമുള്ള നാനജാതിമതസ്ഥരുടെ ദാരിദ്ര്യപൂര്‍ണ്ണമായ ജീവിതസാഹചര്യങ്ങളെ ഗൗരവമായി പരിഗണിക്കണം. തങ്ങളുടെ ചുറ്റുമുള്ള ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്കു ഭക്ഷണം ഉറപ്പാക്കിയശേഷമേ ഭക്ഷണം കഴിക്കുകയുള്ളു എന്ന് സഭാംഗങ്ങള്‍ എല്ലാവരും സ്വയം തീരുമാനമെടുക്കണം.

ഓരോ ഇടവകാതിര്‍ത്തിയിലും പട്ടിണിനേരിടുന്ന ഭവനങ്ങളെ കണ്ടെത്താനുള്ള നടപടി ഉടന്‍ സ്വീകരിക്കേണ്ടതുണ്ട്. അവര്‍ക്കു ഭക്ഷണലഭ്യത ഉറപ്പുവരുത്താനുള്ള കാര്യക്ഷമവും പ്രയോഗികവുമായ സംവിധാനങ്ങള്‍ ക്രമീകരിക്കണം. പള്ളികളുടെ മുന്‍ഭാഗത്തുള്ള മോണ്ടളത്തില്‍ അരിയും പയറും മറ്റ് അവശ്യഭക്ഷ്യസാധനങ്ങളും അടങ്ങിയ കിറ്റുകള്‍ തയ്യാറാക്കിവയ്ക്കുന്ന പതിവ് നമ്മുടെ സഭയിലെ പല ഇടവകപള്ളികളിലും നിലവിലുണ്ട്. ഈ പദ്ധതി സാധിക്കുന്നടുത്തോളം സഭമുഴുവനിലും ഫലപ്രദമായി നടപ്പിലാക്കാന്‍ പരിശ്രമിക്കണം. ഭക്ഷണകാര്യങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഈ ഭക്ഷ്യവസ്തുക്കള്‍ ആരുടെയും അനുവാദം കൂടാതെ എടുത്തുകൊണ്ടുപോകാന്‍ അവസരം നല്കണം.

ദരിദ്രരുടെ പക്ഷംചേര്‍ന്ന് അവരുടെ വിശപ്പകറ്റിയ ഈശോയുടെ മാതൃകയില്‍ ദരിദ്രരോടൊപ്പം നില്‍ക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്യുന്ന ദരിദ്രരുടെ പക്ഷത്തുനില്‍ക്കുന്ന ദരിദ്രയായ സഭ എന്ന ആശയം പ്രയോഗവല്‍ക്കരിക്കാനുമുള്ള സമയമായി കോവിഡ് പകര്‍ച്ചവ്യാധിയുടെ ഈ സാഹചര്യത്തെ കണക്കാക്കണം. സാഹോദര്യവും മാനവികതയും പ്രകടമാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ക്ഷം വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുക്കുക എന്നതാണ്.

'എനിക്കു വിശന്നു; നിങ്ങള്‍ എനിക്കു ഭക്ഷണം തന്നു' എന്ന് അന്ത്യനാളില്‍ ഈശോയുടെ സ്വരം കേള്‍ക്കാനിടയാകത്തക്കവിധം ഇന്നു ദരിദ്രരുടെ നിലവിളിക്കു നമുക്ക് ചെവികൊടുക്കാം. വിശക്കുന്ന വയറുകളോട് ഈശോ കാണിച്ച കരുതല്‍ നമ്മുടെ എല്ലാ ഇടവകളിലും പ്രായോഗിക പദ്ധതികളായി രൂപപ്പെടണം. അതിനുവേണ്ടി നമ്മുടെ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും വരുമാനം ഉപയോഗിക്കുവാനുള്ള കടമ എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നുവെന്നും സിനഡ് പ്രസ്താവനയില്‍ കുറിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »