News

കന്ധമാല്‍ ക്രൈസ്തവ നരഹത്യയ്ക്കു ഇന്നേക്ക് പന്ത്രണ്ടു വര്‍ഷം: പ്രവാചകശബ്ദത്തില്‍ ലേഖന പരമ്പര ആരംഭിക്കുന്നു

പ്രവാചക ശബ്ദം 25-08-2020 - Tuesday

കന്ധമാല്‍: ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടു ഹൈന്ദവ വർഗ്ഗീയവാദികൾ ഒഡീഷയിലെ കന്ധമാലില്‍ നടത്തിയ ക്രൈസ്തവ നരഹത്യയ്ക്കു ഇന്നേക്ക് പന്ത്രണ്ടു വര്‍ഷം. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2008 ആഗസ്റ്റ് 25നാണ് തീവ്രഹൈന്ദവവാദികള്‍ ക്രൈസ്തവരുടെ നേര്‍ക്ക് കടുത്ത അക്രമം അഴിച്ചുവിട്ടത്. നൂറ്റിഇരുപതോളം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായ കലാപത്തില്‍, ദേവാലയങ്ങളും സഭയുടെ സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു.

56,000-ല്‍ അധികം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയി. 6500-ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ കന്യാസ്ത്രീ അടക്കം 40 സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്. എന്നാല്‍ ക്രൈസ്തവരുടെ രക്തം വീണു കന്ധമാലിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുന്നു എന്നതിന്റെ സാക്ഷ്യമായി ആയിരങ്ങളാണ് കലാപത്തിന് ശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്.

വ്യാജ ആരോപണത്തിന്റെ നിഴലില്‍ ഇപ്പോഴും നീതി ലഭിക്കാതെ തടവറ വാസം അനുഭവിക്കുന്ന ക്രൈസ്തവരുണ്ട്. ലക്ഷ്മണാനന്ദ സ്വരസ്വതിയെ കൊല്ലപ്പെടുത്തിയെന്ന വ്യാജ ആരോപണം ക്രൈസ്തവരുടെ മേല്‍ കെട്ടിവെയ്ക്കുകയായിരിന്നു. ക്രൈസ്തവരെന്ന കാരണത്താല്‍ നീതി നിഷേധിക്കപ്പെട്ട് ഒരു ദശാബ്ദത്തോളം ജയിലില്‍ കഴിയുകയും ഇപ്പോഴും വിചാരണ നേരിടുകയും ചെയ്യുന്ന ഭാസ്കര്‍ സുനാമാജി, ബിജയ്കുമാര്‍ സന്‍സേത്, ബുദ്ധദേവ് നായക്, ദുര്‍ജോ എസ് സുനാമാജി, മുണ്ട ബഡാമാജി, ഗോര്‍നാഥ് ചാലന്‍സേത്ത്, സനാഥന ബഡാമാജി എന്നിവര്‍ കന്ധമാല്‍ ക്രൈസ്തവ പീഡനം അടുത്തറിഞ്ഞവരുടെ തീരാവേദനയാണ്.

കന്ധമാല്‍ സംഭവത്തിന്റെ കാണാപ്പുറങ്ങളുമായി പ്രവാചകശബ്ദത്തില്‍ ലേഖന പരമ്പര ‍

നിരപരാധികളും സാധുക്കളുമായ ക്രൈസ്തവരെ തടവിലാക്കിയതും ഒടുവിൽ അതിനെ ചോദ്യം ചെയ്തപ്പോൾ ജഡ്ജിയെ വരെ സ്ഥലം മാറ്റിയതും കന്ധമാല്‍ സംഭവത്തിന്റെ കാണാപ്പുറങ്ങളുടെ ഒരു വശം മാത്രമാണ്. ഇത്തരത്തില്‍ കന്ധമാല്‍ സംഭവത്തിന് മുന്‍പും ശേഷവും നടന്ന ലോകം കാണാതെ പോയ സത്യങ്ങള്‍ തുറന്നുകാട്ടി പ്രവാചകശബ്ദത്തില്‍ ലേഖനപരമ്പര തുടങ്ങുന്നു. കന്ധമാലിലെ ക്രൈസ്തവ സമൂഹത്തിന് നീതി ലഭിക്കാന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന മലയാളി മാധ്യമ പ്രവര്‍ത്തകനായ ആന്റോ അക്കര എഴുതുന്ന ലേഖനങ്ങള്‍ എല്ലാ ബുധനാഴ്ചയുമാണ് പ്രസിദ്ധീകരിക്കുക. ലേഖന പരമ്പരയുടെ ആദ്യ ഭാഗം നാളെ (26/08/20) വെബ്സൈറ്റില്‍ ലഭ്യമാകും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »