India - 2025
മാര്‍ ജോസഫ് ചേന്നോത്തിന്റെ ഭൗതികദേഹം 21നു കൊച്ചിയിലെത്തിക്കും
12-09-2020 - Saturday
കൊച്ചി: ജപ്പാനിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ദിവംഗതനായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിന്റെ (76) ഭൗതികദേഹം 21നു കൊച്ചിയിലെത്തിക്കും. ടോക്കിയോയില്‍നിന്നു ദുബായി വഴി രാവിലെ 9.30നാണു ഭൗതികദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുന്നതെന്ന് മാര്‍ ചേന്നോത്തിന്റെ മാതൃ ഇടവകയായ എറണാകുളം അങ്കമാലി അതിരൂപതയിലെ ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് പള്ളി വികാരി ഫാ. തോമസ് പെരേപ്പാടന്‍ അറിയിച്ചു.
വത്തിക്കാന്റെ ഉത്തരവാദിത്വത്തിലാണു കൊച്ചി വിമാനത്താവളം വരെ ഭൗതികദേഹം എത്തിക്കുക. വിമാനത്താവളത്തില്‍ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങുന്ന ഭൗതികദേഹം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു ജന്മനാടായ കോക്കമംഗലത്തേക്കു കൊണ്ടുപോകും. ആര്‍ച്ച്ബിഷപ്പിന്റെ വസതിയില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനുശേഷം ഭൗതികദേഹം കോക്കമംഗലം പള്ളിയിലേക്കെത്തിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്കുശേഷം ദിവ്യബലിയോടുകൂടിയാകും സംസ്‌കാര ശുശ്രൂഷകള്‍. സംസ്‌കാരത്തിനായി പള്ളിയ്ക്കത്തു പ്രത്യേകം കല്ലറ നിര്‍മിക്കുമെന്നും ഫാ. പെരേപ്പാടന്‍ അറിയിച്ചു. മേയ് എട്ടിനുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന മാര്‍ ചേന്നോത്ത്, കഴിഞ്ഞ ഏഴിനാണു കാലംചെയ്തത്. ഭൗതികദേഹം ടോക്കിയോയിലെ സഭയുടെ മിഷന്‍ ആശുപത്രിയിലാണു സൂക്ഷിച്ചിട്ടുള്ളത്.