News - 2025

മഹാമാരിക്ക് നടുവില്‍ ഇംഗ്ലണ്ടിലെ ഗർഭഛിദ്ര നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയില്‍

പ്രവാചക ശബ്ദം 13-09-2020 - Sunday

ലണ്ടന്‍: കൊറോണ മഹാമാരിക്കിടയിലും ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഗർഭഛിദ്രങ്ങളുടെ എണ്ണം 2020 ആദ്യ പകുതിയിൽ കുതിച്ചുയർന്നതായി പുതിയ കണക്കുകള്‍. ജനുവരി ഒന്നിനും ജൂൺ 30നും ഇടയിൽ 109,836 ഗർഭച്ഛിദ്രങ്ങൾ നടന്നതായാണ് ആരോഗ്യ വകുപ്പ് സെപ്റ്റംബർ 10ന് പ്രസിദ്ധീകരിച്ച പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് 2019 ലെ ആദ്യത്തെ ആറുമാസത്തേക്കാൾ 4296 കൂടുതലാണ്. നിരക്ക് അടുത്ത പകുതിയിലും ഇതുപോലെ തുടർന്നാൽ പുതിയ റെക്കോർഡായിരിക്കും 2020 സൃഷ്ടിക്കുക. കോവിഡ് മഹാമാരിയിൽ നിന്ന് ദുർബലരായവരെ സംരക്ഷിക്കുന്നതിന് ഒരു രാഷ്ട്രമായി ഒത്തുചേർന്ന് വലിയ ത്യാഗങ്ങൾ ചെയ്തുവെങ്കിലും ഒരു സമൂഹമെന്ന നിലയിൽ ഗർഭഛിദ്രത്തിലൂടെ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവിതങ്ങളും തങ്ങള്‍ നശിപ്പിച്ചെന്ന് റൈറ്റ് ടു ലൈഫ് പ്രോലൈഫ് സംഘടനയുടെ വക്താവായ കാതറിൻ റോബിൻസൺ പറഞ്ഞു.

കൊറോണ വൈറസ് പ്രതിസന്ധി അവസാനിക്കുന്നതുവരെ വീട്ടിൽ തന്നെ ഗർഭഛിദ്രം നടത്താൻ അനുവദിക്കുന്ന താൽക്കാലിക നടപടികൾക്കു അംഗീകാരം ലഭിച്ചതോടെയാണ് ഈ വർദ്ധനയെന്ന് റോബിൻസൺ അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതൽ ഗർഭഛിദ്രങ്ങൾ 2020 ഏപ്രിലിലാണ് നടന്നത്. 20,546 ഗർഭഛിദ്രങ്ങൾ. മാർച്ച് 30ന് അവതരിപ്പിച്ച താൽക്കാലിക പദ്ധതി പ്രകാരം, ഗർഭഛിദ്രം ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഗർഭാവസ്ഥയുടെ പത്താം ആഴ്ച വരെ മൈഫെപ്രിസ്റ്റോൺ, മിസോപ്രോസ്റ്റോൾ എന്നിങ്ങനെയുള്ള ഗർഭഛിദ്ര ഗുളികകൾ വീട്ടിൽവെച്ച് എടുക്കാൻ അനുവാദമുണ്ട്. ഗർഭിണികൾ ഡോക്ടർമാരുമായി ടെലിഫോൺ അല്ലെങ്കിൽ വീഡിയോ വഴി സംസാരിച്ചതിന് ശേഷം അവർക്കു തപാലിൽ മരുന്ന് എത്തിച്ചു കൊടുക്കും.

ഇതിനു മുൻപുണ്ടായിരുന്ന നിയമമനുസരിച്ചു, ഗർഭിണികൾ ആദ്യത്തെ മരുന്ന് ക്ലിനിക്കിൽവച്ച് കഴിക്കണമായിരുന്നു. രണ്ടാമത്തെ മരുന്ന് വീട്ടിൽ വച്ച് കഴിക്കാമായിരുന്നെങ്കിലും അതിനു മുൻപ് രണ്ടു ഡോക്ടർമാരുടെ അനുവാദം വേണമായിരുന്നു. നിയമത്തിലുള്ള ഈ മാറ്റം ഗര്‍ഭഛിദ്രങ്ങളുടെ കണക്കിൽ പത്തു ശതമാനത്തിന്റെ വർദ്ധനയാണ് രണ്ടു മാസം കൊണ്ട് ഉണ്ടാക്കിയത്. മാർച്ച് 21-നു ആരോഗ്യ വകുപ്പിൽ നിന്ന് ചോർന്ന ഒരു ഇമെയിൽ കണക്കു അനുസരിച്ചു 13 സ്ത്രീകൾ വീട്ടിൽ വച്ച് ഗർഭഛിദ്രം നടത്തി. ഇത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. ഗവൺമെന്റിന്റെ ഗർഭഛിദ്ര പദ്ധതി പ്രകാരം രണ്ട് സ്ത്രീകളുടെ ജീവിതം അവസാനിച്ചതും, പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടപ്പെടുന്നതും വളരെ ദാരുണമാണെന്നും റോബിൻസൺ കൂട്ടിച്ചേര്‍ത്തു.

വീട്ടിൽ തന്നെ മെഡിക്കൽ ഗർഭഛിദ്രം സ്ഥിരമായ അടിസ്ഥാനത്തിൽ അനുവദിക്കണമോ എന്നതിനെക്കുറിച്ച് ഓഗസ്റ്റ് അവസാനത്തിൽ പൊതുജനാഭിപ്രായം തേടുമെന്ന് ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ പ്രോലൈഫ് സംഘടനകള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »