News

മധ്യേഷ്യയിലെ ആദ്യത്തെ മൈനര്‍ ബസിലിക്ക പദവിയില്‍ ഖസാഖിസ്ഥാനിലെ സെന്റ്‌ ജോസഫ് കത്തീഡ്രല്‍

പ്രവാചക ശബ്ദം 14-09-2020 - Monday

കാരഗാണ്ടാ: ഖസാഖിസ്ഥാനിലെ കാരഗാണ്ടായിലെ നാല്‍പ്പതു വര്‍ഷങ്ങള്‍ പഴക്കമുള്ള സെന്റ്‌ ജോസഫ് ദേവാലയത്തെ മധ്യേഷ്യയിലെ ആദ്യത്തെ മൈനര്‍ ബസിലിക്കയായി വത്തിക്കാന്‍ പ്രഖ്യാപിച്ചു. ഖസാഖ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലേക്ക് സോവിയറ്റ് യൂണിയനാല്‍ നാടുകടത്തപ്പെട്ട ക്രൈസ്തവരുടെ ആവശ്യപ്രകാരമാണ് സെന്റ്‌ ജോസഫ് കത്തീഡ്രല്‍ നിര്‍മ്മിക്കപ്പെടുന്നത്. ഖസാഖിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ടര്‍ക്ക്മെനിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന മധ്യ ഏഷ്യയിലെ ആദ്യത്തെ മൈനര്‍ ബസിലിക്കയാണ് സെന്റ്‌ ജോസഫ് കത്തീഡ്രല്‍.

ദേവാലയത്തിന്റെ നിലവിലെ പദവി മാറ്റിക്കൊണ്ടുള്ള വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ ജൂണ്‍ 19ലെ ഔദ്യോഗിക രേഖ ലഭിച്ചതിന് ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് ഓണ്‍ലൈനിലൂടെ തല്‍സമയ സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാനക്കിടയില്‍ പ്രഖ്യാപനം നടത്തിയത്. സോവിയറ്റ് യൂണിയന്റെ തടവറകളില്‍ നിര്‍ബന്ധിത സേവനത്തിന് വിധിക്കപ്പെട്ട നിരാലംബര്‍ക്കിടയില്‍ പത്തു വര്‍ഷക്കാലം സുവിശേഷം പ്രഘോഷിച്ച കത്തോലിക്കാ വൈദികനായ വാഴ്ത്തപ്പെട്ട വ്ലാഡിസ്ലോ ബുകോവിന്‍സ്കിയുടെ തിരുശേഷിപ്പുകള്‍ ഉള്‍കൊള്ളുന്ന ദേവാലയമാണിത്. ഇതേ ദേവാലയത്തില്‍വെച്ചു 2016-ലായിരുന്നു അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

തങ്ങളുടെ കടുത്ത വിശ്വാസത്തിന്റേയും, സഹനത്തിന്റേയും ഫലം മാത്രമല്ല ദൈവത്തിന് തന്റെ ജനത്തോടുള്ള അഗാധമായ സ്നേഹം കൂടിയാണ് സെന്റ്‌ ജോസഫ് ദേവാലയമെന്ന് കാരഗാണ്ടാ രൂപതയുടെ വികാര്‍ ജനറലായ ഫാ. എവ്ഗെനി സിന്‍കോവ്സ്കി പറഞ്ഞു. 1970-കളില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് നേരേ നടന്ന സോവിയറ്റ് യൂണിയന്റെ അടിച്ചമര്‍ത്തലിന് വിരാമമായ ശേഷം കാരഗാണ്ടായിലെ കത്തോലിക്കാ വിശ്വാസികളുടെ ആവശ്യപ്രകാരം 1977ല്‍ ദേവാലയം നിര്‍മ്മിക്കുന്നതിനുള്ള അനുമതി മോസ്കോ കണ്‍സ്ട്രക്ഷന്‍ അതോറിറ്റി നല്‍കുകയായിരുന്നു.

ഖസാഖ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ ആദ്യത്തെ കത്തോലിക്കാ ദേവാലയമെന്ന ബഹുമതിയോടെയാണ് 1980-ല്‍ ഈ ദേവാലയം സമര്‍പ്പിക്കപ്പെട്ടത്. 1991-ലെ ഖസാഖിസ്ഥാന്റെ സ്വാതന്ത്യലബ്ദിക്ക് ശേഷം 1999-ലാണ് ദേവാലയം കാരഗാണ്ടാ രൂപതാ കത്തീഡ്രലായി ഉയര്‍ത്തപ്പെടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »