News - 2025

‘ഹോളി ലാന്‍ഡ് കോളേജ്’ സിറിയന്‍ ഭരണകൂടം ഫ്രാന്‍സിസ്കന്‍ സഭക്ക് തിരികെ നല്‍കി

പ്രവാചക ശബ്ദം 19-09-2020 - Saturday

ആലപ്പോ: സിറിയന്‍ പട്ടണമായ ആലപ്പോയിലെ ക്രൈസ്തവ സാന്നിധ്യ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ‘ഹോളി ലാന്‍ഡ് കോളേജ്’ സിറിയന്‍ സര്‍ക്കാര്‍ ഫ്രാന്‍സിസ്കന്‍ സഭയുടെ സാവോ പോളോ പ്രവിശ്യക്ക് ഔദ്യോഗികമായി തിരികെ നല്‍കി. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നേരത്തെ ദേശസാൽക്കരിച്ചപ്പോൾ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയായിരിന്നു. സിറിയ, ലെബനോന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ ഫ്രാന്‍സിസ്കന്‍ സമൂഹങ്ങള്‍ ഉള്‍പ്പെടുന്നതാണ് സാവോ പോളോ പ്രവിശ്യ. പ്രവിശ്യയിലെ സമൂഹത്തിന്റെ അധ്യക്ഷനായ ഫാ. ഫിറാസ് ലുട്ഫി ഒ.എഫ്.എം പുറത്തുവിട്ട കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആലപ്പോയിലെ ലത്തീന്‍ കത്തോലിക്ക ഇടവകയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലും കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വളരെക്കാലമായി കാത്തിരുന്ന സമ്മാനം’ എന്ന വിശേഷണം നല്‍കി പരിശുദ്ധ കന്യകാമാതാവിന് നന്ദി പറഞ്ഞ ഫാ. ഫിറാസ്, ഹോളി ലാന്‍ഡ് കോളേജ് തിരികെ ലഭിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനും നന്ദി അറിയിച്ചു. യുദ്ധത്താലും, പകര്‍ച്ചവ്യാധിയാലും, വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകളാലും ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയെ കൂടുതല്‍ ഫലപ്രദമായി സേവിക്കുന്നതിനു ഫ്രാന്‍സിസ്കന്‍ സഭക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ഡിസംബര്‍ 23ന് ഫ്രാന്‍സിസ്കന്‍ വൈദികര്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയും ഹോളി ലാന്‍ഡ് കെട്ടിടവും തിരികെ തരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും അന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കിയിരുന്നതായി ‘ഒറാ പ്രൊ സിറിയ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും, രാഷ്ട്രീയക്കാരും പഠിച്ചിറങ്ങിയ ഹോളി ലാന്‍ഡ് കോളേജ് സിറിയയിലെ ചരിത്രപ്രധാനമായ ഒരു സ്ഥാപനമാണ്‌.

അതേസമയം ആഭ്യന്തര യുദ്ധത്തിന്റെ പ്രത്യാഘാതത്താല്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന സിറിയന്‍ ജനതക്കിടയില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് ഫ്രാന്‍സിസ്കന്‍ വൈദികര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നീണ്ടകാലത്തെ ആഭ്യന്തര യുദ്ധത്താല്‍ മനസ്സ് മരവിച്ച നൂറുകണക്കിന് കുട്ടികളാണ് ഉല്ലാസത്തിനായി ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 584