News - 2025

ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനിടെ ബെലാറസ് സന്ദര്‍ശിക്കുവാന്‍ മാര്‍പാപ്പക്ക് വീണ്ടും ക്ഷണം

പ്രവാചക ശബ്ദം 16-09-2020 - Wednesday

മിന്‍സ്ക്: ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട യൂറോപ്യൻ രാജ്യമായ ബെലാറസിൽ സന്ദര്‍ശനം നടത്താന്‍ ഫ്രാന്‍സിസ് പാപ്പയെ വീണ്ടും ക്ഷണിച്ച് വിദേശകാര്യ മന്ത്രി വ്‌ളാഡിമിർ മെയ്ക്കി. മന്ത്രി വത്തിക്കാനിലെ മുതിർന്ന ഉദ്യോഗസ്ഥനായ ആര്‍ച്ച്‌ ബിഷപ്പ് ഗല്ലാഘറുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് ഫ്രാൻസിസ് മാർപാപ്പ രാജ്യം സന്ദർശിക്കാനുള്ള ആഗ്രഹം സര്‍ക്കാരിന് വേണ്ടി മന്ത്രി ആവര്‍ത്തിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ദേശീയ വാർത്താ ഏജൻസിയായ ബെൽറ്റയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തു സമാധാനം സംജാതമാകാന്‍ പാപ്പ അടുത്ത നാളുകളില്‍ വിശ്വാസികളോട് പ്രാര്‍ത്ഥനാ ആഹ്വാനം നല്‍കിയിരിന്നു. ബെലാറസിന്റെ പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ 2016ൽ വത്തിക്കാനിലേക്കുള്ള യാത്രയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പയെ ബെലാറസ് സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു.

ഓഗസ്റ്റ് ഒന്‍പതിനു നടന്ന വിവാദമായ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനെ തുടര്‍ന്നു കലാപകലുഷിതമായ ബെലാറസിലേക്ക് നാലു ദിവസത്തെ സന്ദര്‍ശനത്തിനാണ് ആര്‍ച്ച്‌ ബിഷപ്പ് ഗല്ലാഘര്‍ എത്തിയത്. ബെലാറസിനും പരിശുദ്ധ സിംഹാസനത്തിനും ഇടയിലുള്ള പരസ്പര ധാരണയുടെയും വിശ്വാസത്തിന്റെയും തെളിവാണ് സന്ദര്‍ശനമെന്ന് മെയ്ക്കി, ആര്‍ച്ച് ബിഷപ്പിനോട് പറഞ്ഞതായി ബെല്‍റ്റ റിപ്പോര്‍ട്ട് ചെയ്തു. ബെലാറസിന്റെ പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ തെരഞ്ഞെടുപ്പില്‍ തിരിമറി നടത്തി ഭരണത്തുടർച്ച നേടി എന്ന ആരോപണമുന്നയിച്ചു പ്രതിപക്ഷ പാർട്ടികൾ രാജ്യത്തുടനീളം നടത്തിവരുന്ന പ്രതിഷേധങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി അക്രമാസക്തമാണ്.

ബെലാറസിലെ കത്തോലിക്ക മെത്രാപ്പോലീത്തായെ ജന്മനാട്ടിലേക്ക് മടങ്ങുന്നതില്‍ നിന്ന് അധികാരികള്‍ തടഞ്ഞ വാര്‍ത്ത മാധ്യമങ്ങളില്‍ ചര്‍ച്ചയായി ദിവസങ്ങള്‍ പിന്നിടും മുന്‍പാണ് ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറുമായി മെയ്ക്കി കൂടിക്കാഴ്ച നടത്തിയത്. ആഗസ്റ്റ് 31നാണ് പോളണ്ടിലേക്കുള്ള ഒരു യാത്രയെത്തുടർന്ന് ബെലാറസിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോഴാണ് ആർച്ച് ബിഷപ്പ് തദേവുസ് കോണ്ട്രൂസ്യൂവിച്ച്സിനെ അതിർത്തിയില്‍ തടഞ്ഞത്. രാജ്യത്തെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കൂടിയായ ആര്‍ച്ച് ബിഷപ്പ് കോൻഡ്രൂസ്യൂവിച്ച്സ് പോലിസ് അതിക്രമത്തിനെതിരെ പ്രതിഷേധക്കാരെ അനുകൂലിച്ചു സംസാരിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »