India - 2024

പുനരൈക്യ നവതി: സീറോ മലങ്കര സഭക്ക് ആശംസകള്‍ അറിയിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചക ശബ്ദം 19-09-2020 - Saturday

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. നവതി ആഘോഷങ്ങൾ വിശ്വാസികളുടെ സഭാ ജീവിതത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും അപ്പസ്തോലിക അടിത്തറയെ ബലപ്പെടുത്തുമെന്ന് പാപ്പ ആശംസിച്ചു. 1930ൽ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന മലങ്കര പുനരൈക്യ പ്രസ്ഥാനത്തിൻ്റെ നവതി ആഘോഷങ്ങളോടു അനുബന്ധിച്ച് മേജർ ആർച്ചുബിഷപ്പ് കര്‍ദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാക്ക് അയച്ച സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

യുവ തലമുറക്ക് അവരുടെ സഭാ ജീവിതത്തിനും വിശുദ്ധ ജീവിതത്തിനും ഈ ആഘോഷങ്ങൾ പ്രചോദനമാകും. മലങ്കര കത്തോലിക്കാ സഭാ സമൂഹത്തിന് കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ ആത്മീയ പാരമ്പര്യം, യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രക്ഷക്ക് ആനന്ദകരമായ സാക്ഷ്യം നൽകുന്നതിനും യേശുവിൻ്റെ കരുണാർദ്രമായ സ്നേഹം ദരിദ്രർക്കും അധ:സ്ഥിതർക്കും, പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ മഹാമാരിയുടെ പിടിയിലകപ്പെട്ടവർക്ക് നൽകുന്നതിന് സഹായകരമാകുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

ഇതിലൂടെ ഇതര ക്രൈസ്തവ സമൂഹങ്ങളോടും വിവിധ മത സംസ്കാരങ്ങളോടും തുടർന്നു വരുന്ന ആശയ സംവാദത്തിലൂടെ മനുഷ്യ സമൂഹത്തിൻ്റെ നന്മക്കായി ആഴമുള്ള സഹവർത്തിത്വവും സാഹോദര്യത്തിലൂന്നിയ സഹകരണവും നൽകുന്ന ശാശ്വതമായ ഒരു സംസ്കാരം കെട്ടിപ്പടുക്കുവാൻ കഴിയുമെന്നും മാർപാപ്പ പറഞ്ഞു. മലങ്കര സുറിയാനി കത്തോലിക്കാ സമൂഹത്തെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ സംരക്ഷണത്തിനായി സമർപ്പിച്ചു കൊണ്ടാണ് ഫ്രാൻസിസ് പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്. പാപ്പയ്ക്കു വേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനാണ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാക്ക് സന്ദേശം കൈമാറിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 347