India - 2025
മലങ്കര സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങള്‍ക്ക് തുടക്കം
19-09-2020 - Saturday
കൊല്ലം/ പുന്നമൂട് (മാവേലിക്കര): മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങള്‍ക്ക് മാവേലിക്കര പുന്നമൂട് മാര്‍ ഈവാനിയോസ് നഗറില്‍ കൊടിയേറി. മാവേലിക്കര രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത പേപ്പല്‍ പതാകയും കാതോലിക്കാ ദിന പതാകയും ഉയര്‍ത്തി കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, യാക്കോബ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, ഫാ. ജോണ്‍ കുഴിനാപ്പുറത്ത് ഒഐസി, അലക്‌സാണ്ടര്‍ ശെമ്മാശന്‍, കീളിലേത്ത് ചാക്കോ എന്നിവര്‍ പുനരൈക്യപ്പെട്ട കൊല്ലം തങ്കശേരി അരമന ചാപ്പലില്‍ ഇന്നലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. കൊല്ലം രൂപതാധ്യക്ഷന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി, ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ എന്നിവര്‍ സഹകാര്‍മികരായി.
തുടര്‍ന്ന് മാവേലിക്കര പുന്നമൂട് സമ്മേളന നഗരിയിലേക്ക് എംസിവൈഎം മാവേലിക്കര ഭദ്രാസന സമിതിയുടെ നേതൃത്വത്തിലുള്ള ദീപശിഖാപ്രയാണം ആരംഭിച്ചു. ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ദീപശിഖ തെളിച്ച് മുന്‍ ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ദീപശിഖാ പ്രയാണത്തിനും വിളംബര റാലിക്കും ഛായചിത്ര പ്രയാണങ്ങള്‍ക്കും പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
മാവേലിക്കര ഭദ്രാസന വികാരി ജനറാളും പുനരൈക്യ നവതി ജനറല്‍ കണ്‍വീനറുമായ മോണ്‍. ജോസ് വെണ്മലോട്ട്, മാവേലിക്കര ഭദ്രാസന ചാന്‍സലര്‍ പുനരൈക്യ നവതി ജനറല്‍ സെക്രട്ടറി ഫാ. ബനഡിക്ട് പെരുമുറ്റത്ത്, എംസിവൈഎം ഡയറക്ടര്‍ ഫാ. വര്‍ഗീസ് മുകളുംപുറത്ത്, ഫാ. ജോണ്‍ വൈപ്പില്‍, ഫാ. ജോണ്‍ തോട്ടത്തില്‍, ഫാ. ഇമ്മാനുവേല്‍ പുന്തലവിളയില്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഗീവര്‍ഗീസ് കൈതവന, എംസിവൈഎം ഭദ്രാസന പ്രസിഡന്റ് ജോബി നീലേശ്വരം, എന്നിവര്‍ പങ്കെടുത്തു. ഇന്നു രാവിലെ ഏഴിന് ദൈവദാസന്‍ മാര്‍ ഈവാനിയോസ് തിരുമേനിയുടെ മാതൃഇടവകയായ പുതിയകാവ് സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വൈകുന്നേരം മൂന്നിനു പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ മതസൗഹാര്‍ദ സമ്മേളനം നടക്കും.