News
സിറിയൻ ജനതയെ വരിഞ്ഞു മുറുക്കി 'ദാരിദ്ര്യ ബോംബ്': ദയനീയാവസ്ഥ വിവരിച്ച് വത്തിക്കാൻ പ്രതിനിധി
പ്രവാചക ശബ്ദം 19-09-2020 - Saturday
ഡമാസ്ക്കസ്: പത്തു വർഷം നീണ്ട യുദ്ധത്തിന് ഇരകളായ സിറിയൻ ജനത, കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണെന്ന് സിറിയയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ കർദ്ദിനാൾ മാരിയോ സെനാരി. വർഷങ്ങളായി തുടരുന്ന സംഘർഷത്തിൽ നിരവധി സിറിയക്കാർ കൊല്ലപ്പെട്ടുവെന്നും, 2008 മുതൽ സിറിയയിലെ വത്തിക്കാൻ പ്രതിനിധിയായി സേവനം ചെയ്തു വരുന്ന കർദ്ദിനാൾ സെനാരി ലെസാർവതോറ റോമാനോയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്മരിച്ചു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ദാരിദ്ര്യമെന്ന ബോംബ് 80% ജനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും ഇത് ഗൗരവമായി എടുക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
വലിയൊരു ഭക്ഷ്യക്ഷാമമാണ് സിറിയ നേരിടുന്നതെന്ന്‍ ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 93 ലക്ഷം ആളുകൾക്ക് ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങൾ ലഭിക്കുന്നില്ല. കൊറോണ വൈറസ് രൂക്ഷമായതിനു ശേഷമാണ് 14 ലക്ഷം ആളുകളെ കൂടി പട്ടികയിലേക്ക് ഉൾപ്പെടുത്തിയത്. എന്നാൽ വിഷയത്തെപ്പറ്റി കൂടുതൽ ചർച്ചകൾ അന്താരാഷ്ട്രതലത്തിൽ നടക്കുന്നില്ല. മറ്റ് പല സംഘർഷങ്ങളും പോലെ ഇതും ആളുകൾ മറന്നുപോകുന്നു. ആളുകൾക്ക് ഇങ്ങനെയുള്ള വാർത്ത കേൾക്കാൻ താല്പര്യമില്ല. അടുത്തിടെയായി നടന്ന പല സംഭവവികാസങ്ങളും സിറിയയിലെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയൽ രാജ്യമായ ലെബനോന്റെ കറൻസി മൂല്യം താഴേക്ക് പോയത് രാജ്യത്തെ ബാധിച്ചു. കൂടാതെ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനം, വൈറസ് വ്യാപനം തുടങ്ങിയ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കി. ഇതിനിടയിൽ സിറിയ ലെബനോൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള തങ്ങളുടെ അതിർത്തി അടച്ചു. സിറിയയ്ക്കു അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ ലെബനോനിലെ ബാങ്കുകളിലൂടെയാണ് രാജ്യത്തേക്ക് എത്തിയിരുന്നതെന്ന് കർദ്ദിനാൾ സെനാരി വിശദീകരിച്ചു.
3654 കോവിഡ് കേസുകൾ മാത്രമേ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഈ കണക്ക് തെറ്റാണെന്നാണ് ഐക്യരാഷ്ട്രസഭ പോലും പറയുന്നത്. ആലപ്പോയിൽ സേവനം ചെയ്തു വന്നിരുന്ന രണ്ട് ഫ്രാൻസിസ്കൻ സന്യാസികൾ ഓഗസ്റ്റ് മാസം കോവിഡ് 19 ബാധിച്ച് മരണമടഞ്ഞിരുന്നു. യുദ്ധം മൂലം രാജ്യത്തെ ഏകദേശം പകുതിയോളം ആശുപത്രികൾ നാമാവശേഷമായി. ആരോഗ്യ മേഖല വലിയ പ്രതിസന്ധിയാണ് രാജ്യത്ത് അതിജീവിക്കുന്നതെന്നും വത്തിക്കാൻ പ്രതിനിധി കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക