News - 2024

125 വര്‍ഷങ്ങള്‍ക്ക് ശേഷം ക്യൂബയില്‍ തുറന്ന കത്തോലിക്ക സന്യാസ ആശ്രമം അടച്ചുപൂട്ടലിന്റെ വക്കില്‍

പ്രവാചക ശബ്ദം 21-09-2020 - Monday

ഹവാന: കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെ തുടര്‍ന്ന്‍ ക്യൂബ വിട്ട ‘ഔര്‍ ലേഡി ഓഫ് മേഴ്സി’ സഭാംഗങ്ങളായ (മേഴ്സേഡാരിയോസ്) സന്യാസിമാര്‍ നീണ്ട 125 വര്‍ഷങ്ങള്‍ക്ക് ശേഷം ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ആരംഭിച്ച ആശ്രമം അടച്ചുപൂട്ടലിന്റെ വക്കില്‍. കഴിഞ്ഞ വര്‍ഷം ഹവാനയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റാണ് ആശ്രമത്തിന് കടുത്ത ഭീഷണി ഉയര്‍ത്തിയത്. 2019 ജനുവരി 27 രാത്രി തങ്ങള്‍ക്ക് മറക്കുവാന്‍ കഴിയുകയില്ലെന്നാണ് ആശ്രമത്തിലെ ഫ്രിയാര്‍മാരില്‍ ഒരാളായ ഗബ്രിയേല്‍ ആവില ലൂണ പറയുന്നത്. 200 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ് ഏതാണ്ട് 16 മിനിട്ടോളം നീണ്ടുനിന്നുവെന്നും ജീസസ് ഡെ മോണ്ടെ ദേവാലയത്തില്‍ കഴിഞ്ഞിരുന്ന തങ്ങള്‍ ജീവന്റേയും മരണത്തിന്റേയും ഇടയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ക്ഷാമത്തെ തുടര്‍ന്നു ആശ്രമ ജീവിതം നയിക്കുന്നവരുടെ ഭക്ഷണം, മരുന്ന്, വ്യക്തിപരമായ ചിലവുകള്‍ എന്നിവയെല്ലാം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇത് തങ്ങളുടെ മാത്രം അവസ്ഥയല്ല ക്യൂബ മുഴുവനും ഇപ്പോള്‍ ബുദ്ധിമുട്ടിലാണെന്നാണ് ഈ സന്യാസിമാര്‍ പറയുന്നത്. അയല്‍വക്കത്തെ വീടുകളുടെ മേല്‍ക്കൂരയിലെ ഓടിന്റെ ചില ഭാഗങ്ങള്‍ ഇപ്പോഴും തങ്ങളുടെ ദേവാലയത്തിന്റേയും, ആശ്രമത്തിന്റേയും ഭിത്തികളില്‍ കാണാമെന്നു ബ്രദര്‍ റൊഡോള്‍ഫോ റോജാസ് പറയുന്നു. ദേവാലയത്തിലെ കൊളോണിയല്‍ കാലഘട്ടത്തിലെ മരത്തിന്റെ മേല്‍ക്കൂരയും, ബെഞ്ചുകളും, വിശുദ്ധ രൂപങ്ങളും, മണിമാളികയുടെ ഇരുമ്പുകൊണ്ടുള്ള കുരിശും ചുഴലിക്കാറ്റില്‍ തകര്‍ന്നു.

പൊന്തിഫിക്കല്‍ സന്നദ്ധസംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ന്റെ സഹായത്തോടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഞായറാഴ്ചകളില്‍ ദേവാലയത്തിന് പുറത്തു വെച്ചാണ് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കുന്നത്. എന്നാല്‍ മഴക്കാലമായാല്‍ അതും സാധ്യമല്ലെന്ന്‍ ഫ്രിയാര്‍ ഗബ്രിയേല്‍ പറഞ്ഞു. തങ്ങളുടെ സാന്നിധ്യം മേഖലയിലെ ജനങ്ങള്‍ക്ക് വളരെയേറെ ഗുണകരമായിരുന്നതിനാല്‍ അടച്ചുപൂട്ടലില്‍ നിന്നും ആശ്രമത്തെ എപ്രകാരം രക്ഷിക്കാമെന്ന ആലോചനയിലാണ് ഈ സന്യാസികള്‍. അതേസമയം തങ്ങളുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ തുടരുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ മെക്സിക്കോയിലേക്ക് കുടിയേറുവാനാണ് നിസ്സഹായരായ സന്യാസികളുടെ തീരുമാനം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »