News

ക്യൂബന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

പ്രവാചകശബ്ദം 21-06-2023 - Wednesday

വത്തിക്കാന്‍ സിറ്റി: ക്യൂബയുടെ പ്രസിഡന്‍റും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ സെക്രട്ടറിയുമായ മിഗ്വേൽ ഡയസ് കാനല്‍ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ജൂണ്‍ 20നു വത്തിക്കാന്‍ പാലസിലായിരിന്നു കൂടിക്കാഴ്ച. ഭാര്യ ലിസ് ക്യൂസ്റ്റ പെദ്രസയോടൊപ്പമുള്ള ക്യൂബൻ പ്രസിഡന്റിന്റെ സന്ദര്‍ശനം 40 മിനിറ്റ് നീണ്ടു. പരിശുദ്ധ സിംഹാസനവും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പയും പ്രസിഡന്റും ഹ്രസ്വ സംഭാഷണത്തിനിടെ സംസാരിച്ചു.

"ദി റീഡർ" എന്ന് പേരിട്ടിരിക്കുന്ന വെള്ളിയും വെങ്കലവും കൊണ്ട് നിർമ്മിച്ച ഒരു ശിൽപവും ക്യൂബൻ കവികളുടെ രണ്ട് പുസ്തകങ്ങളും പ്രസിഡന്‍റ് ഫ്രാന്‍സിസ് പാപ്പക്ക് നൽകി. "സമാധാനത്തിന്റെ ദൂതന്മാരാകൂ" എന്നെഴുതിയ ഒലിവ് ശാഖ ചുമക്കുന്ന പ്രാവിനെ ചിത്രീകരിക്കുന്ന ഒരു വെങ്കല സൃഷ്ടിയാണ് പാപ്പ പ്രസിഡന്‍റിന് നല്‍കിയത്. ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡയസ് കാനല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തി.

1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ നടത്തിയ ചരിത്രപരമായ ക്യൂബന്‍ സന്ദർശനത്തിന് കാല്‍ നൂറ്റാണ്ട് തികഞ്ഞ വേളയിലാണ് കൂടിക്കാഴ്ച നടന്നതെന്നതും ശ്രദ്ധേയമാണ്. 1998 ജനുവരി 21 മുതല്‍ 26 വരെയുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ക്യൂബന്‍ സന്ദര്‍ശനം പ്രഖ്യാപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അന്നത്തെ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോ ക്യൂബയില്‍ ക്രിസ്തുമസ് പൊതു അവധിയായി പ്രഖ്യാപിക്കുകയായിരുന്നു. 1997 ഡിസംബര്‍ 13-നായിരുന്നു ഈ പ്രഖ്യാപനം. ഫിഡല്‍ കാസ്ട്രോയുടെ 1996-ലെ വത്തിക്കാന്‍ സന്ദര്‍ശനത്തിനിടയില്‍ ക്യൂബന്‍ സഭയുടെ ആഗ്രഹം മാനിച്ച് ഇക്കാര്യം പാപ്പ തന്നെ കാസ്ട്രോയോട് ആവശ്യപ്പെടുകയായിരുന്നു.


Related Articles »