India - 2024

കര്‍ഷകരെ കൈപിടിച്ചുയര്‍ത്താന്‍ സഭ പ്രതിജ്ഞാബദ്ധം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

പ്രവാചക ശബ്ദം 26-09-2020 - Saturday

കൊച്ചി: പ്രതിസന്ധിയിലായ കര്‍ഷകരെ കൈപിടിച്ചുയര്‍ത്താന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അതു സഭയുടെ പ്രേഷിത ശുശ്രൂഷയായി കാണണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച സംസ്ഥാനതല അടുക്കള പച്ചക്കറിത്തോട്ട മത്സരത്തിലെ (ഏദന്‍ തോട്ടം) വിജയികള്‍ക്കു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ അസംഘടിതരായതിനാല്‍ അവര്‍ നിരന്തരമായ ചൂഷണത്തിനു വിധേയരാകുകയാണ്. കര്‍ഷകരുടെ അധ്വാനത്തിനു പ്രതിഫലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്കു ബാധ്യതയുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, സഭ പിആര്‍ഒ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, സെക്രട്ടറിമാരായ ബെന്നി ആന്റണി, തോമസ് പീടികയില്‍, ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഒന്നാം സമ്മാനമായ 50,000 രൂപ ഡേവിസ് എടക്കളത്തൂരും (ഖത്തര്‍), രണ്ടാം സമ്മാനമായ 25,000 രൂപ ജസ്റ്റീസ് കുര്യന്‍ ജോസഫും, മൂന്നാം സമ്മാനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമാണു സ്‌പോണ്‍സര്‍ ചെയ്തത്.

പി. കെ. അലക്‌സാണ്ടര്‍, ലെനു മാത്യു എന്നിവര്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ബെസ്സി ബോബന്‍, ലൂസി ജോര്‍ജ്, സൂസി മാത്യു റെജി റിബി, റിജോഷ് എന്‍. ജോസ്, ബാബു ജോസ്, ഡെയ്‌സി കുര്യന്‍, ജോമി ജയിംസ്, ഫാ. വിന്‍സന്റ് കളപ്പുരയില്‍ എന്നിവര്‍ മൂന്നാം സമ്മാനത്തിന് അര്‍ഹരായി.


Related Articles »