India - 2025
ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് മെത്രാൻ സമിതി
28-09-2020 - Monday
ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെല്ലാനം തീരത്തെ പ്രശ്നങ്ങൾ ഈ പ്രദേശത്തിൻ്റേതു മാത്രമല്ല സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെ മുഴുവൻ പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് കെആർഎൽസിസി യുടെ നേതൃത്വത്തിൽ കൊച്ചി ആലപ്പുഴ രൂപതകൾ സംയുക്തമായി രൂപം നല്കിയ കെയർ ചെല്ലാനം എന്ന സംവിധാനത്തിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെആർഎൽസിസി യുടെ ആഭിമുഖ്യത്തിലുള്ള 'കടൽ' തയ്യാറാക്കി സർക്കാരിനു സമർപ്പിച്ച ജനകീയരേഖ നടപ്പിലാക്കുന്നതിന് സർക്കാരിനെ പ്രവർത്തനനിരതമാക്കുന്നതിനും ജനങ്ങളെ ഏകോപിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിനാണ് കെയർ ചെല്ലാനത്തിനായി ഓഫീസ് മറുവക്കാട് ലിറ്റിൽ ഫ്ലവർ പള്ളിക്കു സമീപം ആരംഭിക്കുന്നത്. കെ.ആർ.എൽ.സി.സി. പ്രസിഡൻ്റ് ബിഷപ്പ് ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു. 'കടൽ' ചെയർമാൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.
ഹൈബി ഈഡൻ എം.പി., കെസിബിസി സെക്രട്ടറി ജനറൽ ഫാ.ജേക്കമ്പ് പാലക്കാപ്പള്ളി, കേരള സോഷ്യൽ സർവ്വീസ് ഫോറം സംസ്ഥാന ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ ,കെ.ആർ.എൽ.സി.സി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാജി ജോർജ്ജ്, ജനറൽ സെക്രട്ടറി ഫ.ഫ്രാൻസീസ് സേവ്യർ താന്നിക്കാപ്പള്ളി, കടൽ ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, കെ.എൽ സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, സി.എസ്.എസ്. സംസ്ഥാന സെക്രട്ടറി ബെന്നി പാപ്പച്ചൻ, കെ എൽ സി ഡബ്ല്യു എ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, കെ.സി .വൈ.എം. (ലാറ്റിൻ ) സംസ്ഥാന സെക്രട്ടറി ആൻ്റണി ആൻസൽ, ഫാ.ആൻ്റണി ടോപ്പോൾ, കൊച്ചി സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ.മരിയൻ അറക്കൽ, ആലപ്പുഴ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ.സംസൻ അഞ്ഞിപ്പറമ്പിൽ, ഫാ. ആൻ്റണി തട്ടകത്ത് എന്നിവർ പ്രസംഗിച്ചു.
പ്രതിനിധികൾക്കായി നടന്ന സെമിനാർ മോൺ ആൻറണി തച്ചാറ ഉദ്ഘാടനം ചെയ്തു. ഫാ ഡോ അൻ്റെണിറ്റോ പോൾ, പി.ആർ.കുഞ്ഞച്ചൻ, ടി.എ. ഡാൽഫിൻ എന്നിവർ നേതൃത്വം നൽകി.