India - 2025
കന്യാസ്ത്രീകളെ അധിക്ഷേപിച്ച സാമുവല്‍ കൂടലിനെതിരെ വനിതാ കമ്മീഷനില്‍ പരാതി
പ്രവാചക ശബ്ദം 01-10-2020 - Thursday
തിരുവനന്തപുരം: കന്യാസ്ത്രീകളെ മോശമായും അശ്ലീലം കലര്‍ന്ന ഭാഷയിലും അധിക്ഷേപിച്ച് ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്ത സാമുവല്‍ കൂടല്‍ എന്നയാള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍ പരാതി. സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവും മുന്‍രാജ്യസഭാംഗവുമായ ഒ.ജെ. ജോസഫിന്റെ മകന്‍ ലാലു ജോസഫ് ആണ് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനും മറ്റ് അംഗങ്ങള്‍ക്കും പരാതി നില്‍കിയിരിക്കുന്നത്. വാമനാവതാരത്തെക്കുറിച്ചുള്ള കന്യാസ്ത്രീയുടെ പരാമര്‍ശത്തിനുള്ള മറുപടി എന്ന നിലയിലുള്ള വീഡിയോയില്‍ കന്യാസ്ത്രീസമൂഹത്തെ ഒന്നാകെ ആക്ഷേപിച്ചിരിക്കുകയാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സാമുവല്‍ കൂടലിന്റെ ഫേസ് ബുക്ക് പേജില്‍ വീഡിയോ ഇപ്പോഴും ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. വീഡിയോയുടെ ലിങ്കും പേജിന്റെ ഫോട്ടോ കോപ്പി പേസ്റ്റ് ചെയ്തതും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. തന്റെ കുടുംബത്തില്‍ നിരവധി കന്യാസ്ത്രീകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടുന്ന പരാതിക്കാരന്‍, ഇവര്‍ക്കൊപ്പം ക്രിസ്ത്യന്‍ സന്യാസിനി സമൂഹത്തില്‍ പെട്ട രാജ്യത്തെ മുഴുവന്‍ കന്യാസ്ത്രീകളെയും അശ്ലീലഭാഷയില്‍ അവഹേളിക്കുകയാണു ചെയ്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്നു. ഇതു സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപവും അശ്ലീലഭാഷയോടു കൂടിയ ആക്ഷേപവുമായി കണക്കിലെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണം.
സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ യുട്യൂബില്‍ വീഡിയോ പ്രദര്‍ശിപ്പിച്ച വിജയ് പി. നായര്‍ക്കെതിരേ ഭാഗ്യലക്ഷ്മിയും മറ്റു രണ്ടു പേരും കൈക്കൊണ്ട നടപടികളെ കമ്മീഷന്‍ സ്വാഗതം ചെയ്തതായി ശ്രദ്ധയില്‍ പെട്ടെന്നും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാന്‍ വനിതാ കമ്മീഷന്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രശംസനീയമാണെന്നും പരാതിക്കാരന്‍ നിവേദനത്തില്‍ കുറിച്ചു.