News

കോവിഡിനെതിരെ കുടുംബ ജപമാലയജ്ഞത്തിന് ആഹ്വാനവുമായി ഐറിഷ് ആര്‍ച്ച് ബിഷപ്പ്

പ്രവാചക ശബ്ദം 02-10-2020 - Friday

ഡബ്ലിന്‍: ഒക്ടോബർ മാസത്തിൽ കുടുംബമൊന്നിച്ച് ജപമാല ചൊല്ലി കോവിഡിനെ പ്രതിരോധിക്കാൻ ഐറിഷ് മെത്രാൻ സമിതിയുടെ അധ്യക്ഷനും അര്‍മാഗ് അതിരൂപത ആർച്ച് ബിഷപ്പുമായ ഈമോൻ മാര്‍ട്ടിന്റെ ആഹ്വാനം. കൊറോണ വൈറസിന്റെ ഈ കാലയളവിൽ ദൈവീക സംരക്ഷണത്തിനായി ഒക്ടോബറിലെ എല്ലാ ദിവസവും വീട്ടിലിരുന്ന് ഒരുമിച്ച് കൊന്തചൊല്ലവാൻ അയർലണ്ടിലെ എല്ലാ കുടുംബങ്ങളേയും ക്ഷണിക്കുന്നുവെന്ന് പറഞ്ഞ ആര്‍ച്ചു ബിഷപ്പ് വിശ്വാസത്തിലും പ്രാർത്ഥനയിലും കുട്ടികളുടെ പ്രാഥമിക അധ്യാപകരും വഴി കാട്ടികളുമാകാനുള്ള മാതാപിതാക്കളുടെ ദൈവവിളിയുടെ പ്രാധാന്യത്തെക്കുറിച്ചും ഓര്‍മ്മിപ്പിച്ചു.

മുഴുവൻ ജപമാല അല്ലെങ്കിൽ ഒരു രഹസ്യമെങ്കിലും ദിവസവും ചൊല്ലണമെന്നും കുടുംബത്തിനു വേണ്ടിയും പ്രിയപ്പെട്ടവർക്കു വേണ്ടിയും കൊറോണ വൈറസിന്റെ പ്രതിസന്ധി മൂലം ആരോഗ്യവും ഉപജീവന മാർഗവും നഷ്ടപ്പെട്ട എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും ബിഷപ്പ് പറഞ്ഞു. ജപമാലയജ്ഞത്തിന് ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചാരണം കൊടുക്കുവാനും അദ്ദേഹം ആഹ്വാനം നല്‍കിയിട്ടുണ്ട്. #FamilyRosaryCrusade അഥവാ #OctoberFamilyRosary എന്ന ഹാഷ് ടാഗ് സഹിതം കുടുംബം ഒരുമിച്ചു ചൊല്ലുന്ന സ്വർഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയം, ത്രിത്വസ്തുതി എന്നിവയുടെ ലഘു വീഡിയോ ഓഡിയേ ക്ലിപ്പുകളോ ചിത്രങ്ങളോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുവാൻ അദ്ദേഹം നിർദ്ദേശിച്ചു.

ആർമാഗിലുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റി യുടെ കേന്ദ്രം സന്ദർശിച്ചതിന് പിന്നാലെയാണ് ജപമാല യജ്ഞത്തിന് ആർച്ച് ബിഷപ്പ് ആഹ്വാനം നല്‍കിയത്. “വള്ളി മരത്തിൽ ചുറ്റിക്കയറുന്നതു പോലെ നാം കൊന്ത മുറുകെ പിടിക്കണം. കാരണം മാതാവിനെ കൂടാതെ നമുക്ക് നില്ക്കാനാവില്ല” എന്ന മദർ തെരേസയുടെ വാക്കുകൾ സിസ്റ്റേഴ്സ് അദ്ദേഹത്തോട് പങ്കുവെച്ചിരിന്നു. സിസ്റ്റേഴ്സിനൊപ്പം നന്മനിറഞ്ഞ മറിയം ചൊല്ലുന്ന വീഡിയോ അദ്ദേഹം യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 588