News - 2025

ക്രൈസ്തവരോടുള്ള അസഹിഷ്ണുത വീണ്ടും: കർണ്ണാടക സർക്കാർ 15 കുരിശുകൾ തകർത്തു

പ്രവാചക ശബ്ദം 30-09-2020 - Wednesday

ചിക്കബല്ലപൂർ: കര്‍ണ്ണാടകയിലെ ഗെരാഹള്ളി സെന്റ് ജോസഫ് പള്ളിയുടെ സമീപത്തുള്ള കുന്നിൽ സ്ഥാപിച്ചിരുന്ന പതിനഞ്ചു കുരിശുകൾ സർക്കാർ നീക്കം ചെയ്തു. 300 പോലീസുകാരുടെ സാന്നിധ്യത്തിലാണ് 32 മീറ്റർ ഉയരമുള്ള പ്രധാന കുരിശും കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കായി സ്ഥാപിച്ചിരുന്ന 14 ചെറിയ കുരിശുകളും റവന്യൂ ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. സർക്കാർ ക്രൈസ്തവരോടു പുലർത്തുന്ന അസഹിഷ്ണുത മറനീക്കിക്കാട്ടുന്നതാണ് സംഭവമെന്ന് ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ പറഞ്ഞു.

നൂറോളം കുടുംബങ്ങൾ ഉള്ള ഇടവകയാണ് ഗെരാഹള്ളി. സെപ്തംബർ 22നാണ് കുരിശുകൾ നീക്കം ചെയ്യുവാനുള്ള ഉത്തരവ് ഒരു ഉദ്യോഗസ്ഥൻ തനിക്ക് കൈമാറിയതെന്ന് ഇടവക വികാരി ഫാ. ആന്റണി ബ്രിട്ടോ പറഞ്ഞു. അടുത്ത ദിവസം തന്നെ കുരിശുകൾ പൊളിച്ചു നീക്കാൻ ആരംഭിക്കുകയായിരിന്നു. ഹൃദയഭേദകമായ കാഴ്ച കണ്ട് ചിലർ പ്രതിഷേധിച്ചെങ്കിലും നിശബ്ദമായി കണ്ണീർ വാർക്കുവാനേ പലർക്കും സാധിക്കുമായിരുന്നുള്ളു. ചിലർ വേദനയോടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചുവെന്ന് ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തദ്ദേശവാസികളായ ക്രൈസ്തവര്‍ ദശാബ്ദങ്ങളായി ഇവിടെ പ്രാർത്ഥിച്ചിരുന്നെങ്കിലും പൊതു സ്ഥലമായിരുന്നതിനാൽ ഭൂമിക്ക് വേണ്ടി സഭ ആവശ്യമുന്നയിച്ചിരുന്നില്ലെന്ന് ബിഷപ്പ് മച്ചാഡോ പറഞ്ഞു. 173 ഏക്കർ വിസ്താരമുള്ള പുൽമേട്ടിൽ ഏക്കറിൽ അമ്പലങ്ങൾ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും കുരിശുകൾ നിന്നിരുന്ന സ്ഥലമാണ് ഭരണകൂടം ലക്ഷ്യമിട്ടത്. തീവ്ര ഹിന്ദുത്വ നിലപാടുള്ള ബിജെപി ഭരിക്കുന്ന കർണ്ണാടകയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നാല് തവണയാണ് കുരിശുകൾ നീക്കപ്പെട്ടത്. പ്രാര്‍ത്ഥനയില്‍ ശരണംവെയ്ക്കുവാനാണ് ഇടവക വികാരി വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »