News

ക്രൈസ്തവരെ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി ലാവോസിലെ ഭരണകൂടം

പ്രവാചക ശബ്ദം 29-09-2020 - Tuesday

വിയന്റിയൻ: തെക്കു കിഴക്കൻ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ വിശ്വാസികളെ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി ഭരണകൂടം. ക്രൈസ്തവരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ പ്രാദേശിക മേഖലകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈകൊള്ളുന്നുണ്ടോയെന്ന് ക്രിസ്ത്യന്‍ സംഘടനകളുമായി സഹകരിച്ച് ഉറപ്പ് വരുത്തുവാനുള്ള ശക്തമായ ശ്രമത്തിലാണ് കേന്ദ്ര ഭരണകൂടം. ആഭ്യന്തര മന്ത്രാലയത്തിന്റേയും, ലാവോ ഫ്രണ്ട് ഫോര്‍ നാഷണല്‍ കണ്‍സ്ട്രക്ഷന്റേയും സഹകരണത്തോടെ ക്രൈസ്തവര്‍ക്ക് ആരാധനകള്‍ നടത്തുന്നതിനും വിശ്വാസം പ്രഘോഷിക്കുന്നതിനും അനുവദിക്കുന്ന പുതിയ നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുവാനുള്ള കഠിനശ്രമത്തിലാണ് വിവിധ സഭകളും.

ബുദ്ധ മത ഭൂരിപക്ഷ രാജ്യമായ ലാവോസിലെ ക്രൈസ്തവര്‍ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ കഴിയുന്നവര്‍ വിവിധ തരത്തിലുള്ള വിവേചനത്തിനിരയായി കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. ബോകിയോ, ബോളിഖാംസായി, സാവന്നാഖേത് എന്നീ പ്രവിശ്യകളില്‍ ഈ മാസം ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രാഷ്ട്രത്തിന്റെ ചട്ടങ്ങളും, നിയമങ്ങളും അനുസരിച്ചുകൊണ്ട് ക്രൈസ്തവര്‍ക്ക് ഒരു പരിധി വരെ മതസ്വാതന്ത്ര്യം അനുവദിക്കുന്നതാണ് പുതിയ നിയമം.

നിയമം പാസാക്കിയിട്ടും ഗ്രാമപ്രദേശങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ ക്രൈസ്തവരെ രണ്ടാംതരം പൗരന്‍മാരായി കണക്കാക്കുന്നതാണ് ഇത്തരം ബോധവത്കരണം നടത്തുവാന്‍ സഭയേയും സര്‍ക്കാരിനേയും പ്രേരിപ്പിച്ചത്. മറ്റ് ഗ്രാമക്കാര്‍ ഒറ്റപ്പെടുത്തുമോ, ഗ്രാമം വിട്ട് പോകേണ്ടി വരുമോ എന്നിങ്ങനെയുള്ള ഭയത്താല്‍ നിരവധി ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസം രഹസ്യമായി കാത്തുസൂക്ഷിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പുതിയ നിയമത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരായാല്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കുറയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

70 ലക്ഷം ക്രൈസ്തവരാണ് ലാവോസില്‍ ഉള്ളത്. രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 2 ശതമാനത്തിലും താഴെയാണിത്. ഇവരില്‍ പകുതിയും കത്തോലിക്കാ വിശ്വാസികളാണ്. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് വിദേശ മിഷ്ണറിമാര്‍ ഇറക്കുമതി ചെയ്ത 'വിദേശ മത'മായിട്ടാണ് ലാവോസിലെ ജനങ്ങള്‍ ക്രൈസ്തവ വിശ്വാസത്തെ പരിഗണിച്ചു വരുന്നത്. ഫ്രഞ്ച് കോളനിയായിരുന്ന ലാവോസിനെ പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ ഒരുപകരണമായി ക്രൈസ്തവ വിശ്വാസത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചിത്രീകരിച്ചിരുന്നതും ക്രിസ്ത്യാനികള്‍ ഇന്ന്‍ നേരിടുന്ന വിവേചനത്തിന്റെ കാരണമായി നിരീക്ഷിക്കപ്പെടുന്നു. പുതിയ നിയമം ഫലപ്രദമായി നടപ്പിലാക്കിയാല്‍ കാര്യങ്ങള്‍ നേരെയാകും എന്ന വിശ്വാസത്തിലാണ് ലാവോസിലെ ക്രൈസ്തവ ജനത.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 587