News - 2025
ഗർഭഛിദ്രത്തിനെതിരെ 40 ദിവസത്തെ പ്രാര്‍ത്ഥനയുമായി ഫിലാഡെല്‍ഫിയയിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍
പ്രവാചക ശബ്ദം 05-10-2020 - Monday
ഫിലാഡെല്‍ഫിയ: അമേരിക്കയിലെ ഫിലാഡെല്‍ഫിയ അതിരൂപതയില്‍ നാല്പതു ദിവസം നീണ്ടു നില്‍ക്കുന്ന പ്രോലൈഫ് പ്രാര്‍ത്ഥനായത്നത്തിന് ആരംഭമായി. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മനുഷ്യ ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷംതോറും ഒക്ടോബര്‍ മാസത്തില്‍ നടത്തിവരാറുള്ള ‘റെസ്പെക്ട് ഫോര്‍ ലൈഫ് മന്ത്’ന്റെ ഭാഗമായി ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ സംഘടന നടത്തുന്ന 40 ദിവസ പ്രാര്‍ത്ഥനയ്ക്കു സെപ്റ്റംബര്‍ 23നാണ് ആരംഭം കുറിച്ചത്. പ്ലാന്‍ഡ് പാരന്റ്ഹുഡിന്റെ ആസ്ഥാനമായ ഫിലാഡെല്‍ഫിയ സെന്റര്‍ സിറ്റിയില്‍ മെഴുകുതിരികള്‍ കത്തിച്ചുകൊണ്ട് സംഘടിപ്പിച്ച ജാഗരണ പ്രാര്‍ത്ഥനയില്‍ അൻപതോളം പേര്‍ പങ്കെടുത്തു. 2007ല്‍ ആരംഭിച്ച ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ അറുപത്തിമൂന്നോളം രാജ്യങ്ങളില്‍ സജീവമാണ്.
പ്രാര്‍ത്ഥനായത്നത്തിന്റെയും പ്രോലൈഫ് പ്രചാരണത്തിന്റെയും ഭാഗമായി സെപ്റ്റംബര്‍ 27ന് വിശുദ്ധ പൗലോസ് പത്രോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ബസലിക്കയില്‍ ആർച്ച് ബിഷപ്പ് നെല്‍സണ്‍ പെരെസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഗര്‍ഭധാരണത്തില്‍ പ്രശ്നങ്ങളുള്ള ഗര്‍ഭവതികള്‍ക്ക് പ്രതീക്ഷ പകര്‍ന്നു നല്‍കേണ്ടത് സഭയുടെ ദൗത്യമാണെന്നും, മാനുഷികാന്തസിന്റെ കുറവാണ് ഗർഭഛിദ്രം നിയമപരമാക്കുന്നതിന്റെ യഥാര്‍ത്ഥ കാരണമെന്നും പ്രസംഗത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞു. ജീവിക്കുവാനുള്ള അവകാശം എന്നത് രാഷ്ട്രീയ പ്രശ്നമല്ലെന്നും സദാചാര പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിലാഡെല്‍ഫിയയിലെ പ്ലാന്‍ഡ് പാരന്റ്ഹുഡ് കേന്ദ്രത്തില്‍ ഏതാണ്ട് നാലായിരത്തോളം ഗർഭഛിദ്രങ്ങളും ചൈനാ ടൌണിലുള്ള മറ്റൊരു അബോര്‍ഷന്‍ കേന്ദ്രത്തില്‍ ഏതാണ്ട് ആറായിരത്തിഅഞ്ഞൂറോളം അബോര്‍ഷനുകളും വര്‍ഷം തോറും നടക്കാറുണ്ടെന്ന് 40 ഡെയ്സ് ഫോര്‍ ലൈഫ് ഫിലാഡെല്‍ഫിയ ചാപ്റ്ററിന്റെ കൊ-ചെയര്‍മാനും, ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയ പ്രോലൈഫ് യൂണിയന്‍ ബോര്‍ഡംഗവുമായ പാട്രിക്ക് സ്റ്റാന്റന്‍ പറഞ്ഞു. എണ്ണത്തില്‍ കുറവുണ്ടെങ്കിലും ഗര്‍ഭഛിദ്ര സംഖ്യ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുട്ട്മാച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് അമേരിക്കയിലെ അബോര്‍ഷനുകളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 2017-ലാണ്. അബോര്‍ഷന്‍ ആവശ്യപ്പെടുന്ന അമേരിക്കന്‍ സ്ത്രീകളില്‍ 53% കറുത്തവര്‍ഗ്ഗക്കാരും, ഹിസ്പാനിക്കുകളുമാണെന്നാണ് കണക്കുകൾ ചൂണ്ടികക്കാട്ടുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക