Arts - 2024

സമാധാന ശ്രമങ്ങൾക്കായി ഐറിഷ് വൈദികൻ സ്ഥാപിച്ച സംഘടനയ്ക്കു യുഎന്നിന്റെ അംഗീകാരം

പ്രവാചക ശബ്ദം 12-10-2020 - Monday

നെയ്റോബി: ആഫ്രിക്കയിലുടനീളം വിവിധ സമാധാന ശ്രമങ്ങൾക്കും ചർച്ചകൾക്കും ചുക്കാൻ പിടിക്കുന്ന ഐറിഷ് വൈദികൻ സ്ഥാപിച്ച സർക്കാരിതര സംഘടനയ്ക്കു ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. 2009ൽ കെനിയ ആസ്ഥാനമായി ആരംഭിച്ച ശാലോം സെന്റർ ഫോർ കോൺഫ്ലിക്റ്റ് റസല്യൂഷൻ ആൻഡ് റീകൺസീലിയേഷൻ എന്ന സംഘടനയ്ക്കാണ് അന്താരാഷ്ട്ര സമ്പർക്കങ്ങൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ വകുപ്പ് ഔദ്യോഗിക അംഗീകാരം നല്‍കിയത്. ഐറിഷ് മിഷ്ണറിയായ ഫാ. പാട്രിക് ഡിവൈനാണ് ശാലോം സെന്ററിന് രൂപം നൽകിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുതും, വലുതുമായ നിരവധി പ്രസ്ഥാനങ്ങളുമായി ഐക്യരാഷ്ട്രസഭയുടെ സമ്പർക്ക വിഭാഗത്തിന് ബന്ധമുണ്ട്. ഈ പ്രസ്ഥാനങ്ങൾക്കെല്ലാം ഐക്യരാഷ്ട്രസംഘടനയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് പ്രവേശിച്ച് കൂടിക്കാഴ്ചകളിലും, മറ്റു ചടങ്ങുകളിലും പങ്കെടുക്കാൻ അനുമതിയുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതോടുകൂടി ഏകദേശം 1500 സംഘടനകളുമായി ശാലോം സെന്ററിന് ബന്ധപ്പെടാനും ലോകരാജ്യങ്ങളിൽ സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ ഫലപ്രദമായി ഇടപെടാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കെനിയയിലും ഉഗാണ്ടയിലും സീഷെൽസിലുമുളള ഐക്യരാഷ്ട്രസഭയുടെ ഇൻഫോർമേഷൻ സെന്ററും ശാലോമിന് അംഗീകാരം നല്‍കുന്നതിനു വേണ്ടി തങ്ങളുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മനുഷ്യാവകാശധ്വംസനങ്ങള്‍ക്കു ഇരകളാക്കപ്പെടുന്നവർക്ക് നീതി നടത്തിക്കൊടുക്കാൻ സംഘടന അക്ഷീണ പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യവും സംഘടനയ്ക്കുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »