News - 2025
ഫാ. സ്റ്റാന്‍ സ്വാമിയുടെ വീട്ടില്‍ റെയ്ഡ്: ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ്
പ്രവാചക ശബ്ദം 14-10-2020 - Wednesday
ന്യൂഡല്‍ഹി: മാവോയിസ്റ്റു ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വയോധികനായ ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ വീടും വീട്ടിലെ മുഴുവന്‍ സാധനങ്ങളും ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടി. ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്ത് അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. ആദിവാസികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും ഏറെ പ്രിയങ്കരനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എന്‍ഐഎ വെട്ടില്ലായിരിക്കുന്നത്.
ഒരു സാധാരണ ഇരുമ്പു മേശയും പഴയൊരു അലമാരയും മൂന്നു പ്ലാസ്റ്റിക് കസേരകളും കനംകുറഞ്ഞ ഒരു കിടക്കയുമാണ് പോലീസിന് ആകെ പിടിച്ചെടുക്കാനായതെന്നു മുപ്പതംഗ പോലീസ് സംഘത്തിനു നേതൃത്വം നല്‍കിയ പ്രവീണ്‍ കുമാര്‍, നാംകും പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ജയ്ദീപ് ടോപ്പാ, സബ് ഇന്‍സ്‌പെക്ടര്‍ ബുദിലാല്‍ മുര്‍മു എന്നിവര്‍ പറഞ്ഞു. മുംബൈയില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന വൈദികന്റെ റാഞ്ചിയിലെ വസതിയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു റെയ്ഡ്. ഒരു വര്‍ഷത്തിലേറെ മുന്പുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരേയുള്ള കേസില്‍ കോടതിയില്‍ ഹാജരായിട്ടില്ലെന്ന കാരണത്താലാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയതെന്ന വിശദീകരണമാണ് ഖുണ്ടി ജില്ലയിലെ പോലീസ് സൂപ്രണ്ട് അശുതോഷ് ശേഖര്‍ നല്‍കുന്നത്.
സെന്‍സസ് കണക്കെടുക്കുമ്പോള്‍ ജാര്‍ഖണ്ഡിലെ സര്‍ന ആദിവാസികള്‍ക്കു പ്രത്യേക കോഡ് വേണമെന്ന ആവശ്യത്തെ പിന്തുണച്ചു ഫാ. സ്റ്റാന്‍ സ്വാമി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണു വലിയ കുറ്റമായി കണക്കാക്കി കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26നായിരുന്നു ഈ കേസില്‍ പോലീസ് എഫ്‌ഐആര്‍ എടുത്തത്. വൈദികനു പുറമെ മറ്റു 20 പേര്‍ക്കെതിരേയും കേസെടുത്തെങ്കിലും മറ്റുള്ളവര്‍ക്കെതിരേ നടപടിയുണ്ടായില്ല. കഴിഞ്ഞ ജൂലൈയില്‍ അഞ്ചു ദിവസം തുടര്‍ച്ചയായി 15 മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടും തെളിവുകളില്ലാതെ വിട്ടയച്ച ശേഷമായിരുന്നു കഴിഞ്ഞ ദിവസം വയോധികനായ വൈദികനെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന തനിക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളൊന്നും ഒരിക്കലും ഇല്ലെന്നും തന്റെ കംപ്യൂട്ടറില്‍ നിന്നു കണ്ടെത്തിയെന്നു പറയുന്ന ചിലതു കൃത്രിമമായി ഉണ്ടാക്കിയെടുത്തു തന്നെ കുടുക്കാനായി സ്ഥാപിച്ചതാണെന്നും വൈദികന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിന്നു.
ആദിവാസികളുടെയും ദളിതരുടെയും ക്ഷേമത്തിനും അവകാശങ്ങള്‍ക്കുമായി നാലു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിക്കെതിരായ കേസ് വ്യാജവും കെട്ടിച്ചമച്ചച്ചതുമാണെന്ന വസ്തുത ദേശീയതലത്തില്‍ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ തെളിവുകളുടെ അഭാവത്തിലും വൈദികനെതിരെ കുരുക്ക് മുറുക്കുവാനാണ് അന്വേഷണ ഏജന്‍സി ശ്രമിക്കുന്നത്.
കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്.
ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലിരിക്കുന്ന സമയത്തു സ്വാമിയെയും സുഹൃത്തിനെയും രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് വഴി തെളിയിച്ചിരിന്നു. പിന്നീട് അധികാരത്തിലേറിയ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ കേസ് റദ്ദാക്കി. ഫാ. സ്റ്റാന്‍ സ്വാമിയേ അറസ്റ്റ് ചെയ്ത നടപടിയില്‍ ഹേമന്ദ് സോറന്‍ അടക്കം നിരവധി പ്രമുഖര്‍ അപലപിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക