News - 2025

ആർച്ച് ബിഷപ്പിനെ തിരികെ പ്രവേശിപ്പിക്കണം: ബെലാറസിനോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

പ്രവാചക ശബ്ദം 15-10-2020 - Thursday

വാഷിംഗ്ടണ്‍ ഡി‌.സി: ബെലാറസിലേക്ക് പ്രവേശനം നിഷേധിച്ചതു മൂലം പോളണ്ടിൽ കഴിയുന്ന മിൻസ്ക് & മഹ്ലിയോ ആർച്ച് ബിഷപ്പ് തദേവുസ് കോണ്ട്രൂസ്യൂവിച്ച്സിനെ രാജ്യത്തു തിരികെ പ്രവേശിപ്പിക്കണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബെലാറസ് സര്‍ക്കാരോട് ആവശ്യപ്പെട്ടു. ആർച്ച് ബിഷപ്പിനെ തിരികെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുന്നത് അനീതിയും, മതസ്വാതന്ത്ര്യ ലംഘനവുമാണെന്ന് മൈക്ക് പോംപിയോ ചൂണ്ടിക്കാട്ടി. പോളിഷ് വേരുകളുള്ള ബെലാറസ് പൗരനായ ആർച്ച് ബിഷപ്പ് തദേവൂസിനെ ഓഗസ്റ്റ് 31നു സുരക്ഷാസേന അതിർത്തിയിൽവെച്ച് തടയുകയായിരുന്നു.

എന്നാൽ എന്തുകൊണ്ടാണ് ആർച്ച് ബിഷപ്പിന് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കുന്നത് എന്നതിനെ സംബന്ധിച്ച് വിശദീകരണം നൽകാൻ സർക്കാർ വൃത്തങ്ങൾ തയ്യാറായിരിന്നില്ല. സുരക്ഷാസേനയുടെ നടപടി അത്ഭുതപ്പെടുത്തിയെന്നാണ് ആർച്ച് ബിഷപ്പ് പ്രതികരിച്ചത്. സർക്കാരിന്റെ തീരുമാനം ന്യായീകരിക്കാൻ സാധിക്കാത്തതും, നിയമവിരുദ്ധവുണെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. മെത്രാപ്പോലീത്തയോടുള്ള വിവേചന നടപടി സര്‍ക്കാര്‍ തുടരുന്ന പശ്ചാത്തലത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഇടപെടല്‍ നടത്തിയിരിക്കുന്നത്.

ഓഗസ്റ്റ് ഒന്‍പതാം തീയതി ബെലാറസിൽ നടന്ന തെരഞ്ഞെടുപ്പിൽ തിരിമറി ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ നടത്തിവരുന്ന പ്രതിഷേധ പ്രകടനങ്ങൾ രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. 1994 മുതൽ ലുക്കാഷെങ്കോയാണ് ബെലാറസിന്റെ പ്രസിഡന്റ്. ആർച്ച് ബിഷപ്പിന്റെ വിഷയത്തെപ്പറ്റി മുഴുവൻ വിവരങ്ങളും അറിയില്ലെന്നും ഒരുപക്ഷേ ആർച്ച് ബിഷപ്പ് തദേവൂസിന് ഒന്നിൽ കൂടുതൽ രാജ്യങ്ങളുടെ പൗരത്വം ഉണ്ടായിരിക്കാമെന്നും അലക്സാണ്ടർ പ്രതികരണം നടത്തിയെന്ന് സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബെലാറസ് ടെലഗ്രാഫ് ഏജൻസി ബെൽറ്റ പുറത്ത് വിട്ട റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന് അടിസ്ഥനമില്ലെന്നാണ് വിവരം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »