News - 2025
റോമന്‍ കൂരിയ നവീകരണം: 'സി9' പാപ്പയുടെ അധ്യക്ഷതയില്‍ വിര്‍ച്വല്‍ യോഗം ചേര്‍ന്നു
പ്രവാചക ശബ്ദം 15-10-2020 - Thursday
വത്തിക്കാന്‍ സിറ്റി: റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സീസ് പാപ്പായെ സഹായിക്കുന്നതിന് രൂപീകൃതമായ 'സി നയണ്‍' (C9) എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന കര്‍ദ്ദിനാള്‍ സംഘം ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. എല്ലാ മൂന്നാം മാസങ്ങളിലും വത്തിക്കാനില്‍ സംഗമിച്ചിരുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സമ്മേളനമാണ് നീണ്ട ഇടവേളയ്ക്കുശേഷം ഒക്ടോബര്‍ 13 ചൊവ്വാഴ്ച വിര്‍ച്വലായി നടത്തപ്പെട്ടത്. റോമന്‍ കൂരിയയുടെ നവീകരണം സംബന്ധിച്ച അപ്പസ്തോലിക പ്രബോധനത്തിന്‍റെ കരടുരൂപം പരിശോധിക്കുവാനായി ചേര്‍ന്ന മുപ്പത്തിനാലാമത് യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ നിന്നും പങ്കെടുത്തു.
സി9 സംഘത്തിലുള്ള മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും യോഗത്തില്‍ പങ്കുചേര്‍ന്നിരിന്നു. സഭയുടെ ഭരണകാര്യങ്ങള്‍ സംബന്ധിച്ച പുതിയ അപ്പസ്തോലിക പ്രബോധനത്തിന്‍റെ പണിപ്പുരയില്‍ നടന്ന ഏകദിന ഓണ്‍ലൈന്‍ സംഗമത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. കര്‍ദ്ദിനാള്‍ സംഘത്തിനൊപ്പം വത്തിക്കാന്‍റെ വിവിധ വകുപ്പുകള്‍ നടത്തുന്ന പരിശോധന പൂര്‍ത്തിയായാല്‍, 1988-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് പ്രബോധിപ്പിച്ചിട്ടുള്ള “പാസ്തോര്‍ ബോനൂസ്” (Pastor Bonus), ‘നല്ലിടയന്‍’ എന്ന പ്രബോധനത്തിന്‍റെ പരിഷ്ക്കരണവും റോമന്‍ കൂരിയയുടെ നവീകരണ പദ്ധതികള്‍ ഉള്‍ക്കൊള്ളിക്കുന്നതായിരിക്കും പുതിയ പ്രബോധനം.
ഭരണപരമായും സാമ്പത്തികമായും സഭാനവീകരണം ഇപ്പോള്‍ പുരോഗമിക്കവെയാണ് മാര്‍പാപ്പ വത്തിക്കാന്‍റെ നവീകരിച്ച ഭരണഘടന തയ്യാറാക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി 17-മുതല്‍ 19വരെ തിയതികളിലായിരുന്നു ഇതിന് മുന്‍പ് സി9 കര്‍ദ്ദിനാളുമാര്‍ യോഗം ചേര്‍ന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക