Social Media - 2024
ഹരിത സാന്ത്വനം; തൃശ്ശൂർ അതിരൂപതയുടെ കാർഷിക മുന്നേറ്റം
ഡോ. ഡെയ്സൻ പാണേങ്ങാടൻ 22-10-2020 - Thursday
ലോക്ക് ഡൗൺ പൊതു സമൂഹത്തിൽ പ്രത്യേകിച്ച്, കർഷകരിൽ സൃഷ്ടിച്ച വലിയൊരു പ്രതിസന്ധിയ്ക്ക് പരിഹാരമേകിയതാണ്, തൃശ്ശൂർ അതിരൂപതയും അതിൻ്റെ സാമൂഹ്യ സേവന വിഭാഗവുമായ സാന്ത്വനവും.2020ലെ ലോക പരിസ്ഥിതി ദിനം, ചെടികൾ വിതരണം ചെയ്യുന്ന പതിവു ശൈലിയിൽ നിന്നും മാറി, കാർഷിക നവോത്ഥാന ചരിത്രത്തിൽ പുതിയൊരേട്, തൃശ്ശൂർ അതിരൂപത നാടിനു വേണ്ടി സമർപ്പിക്കുകയായിരുന്നു. വേറിട്ട ആസൂത്രണത്തിലൂടെ തൃശ്ശൂർ അതിരൂപതയിലേയും തൃശ്ശൂർ ജില്ലയിലേയും സാധാരണ കർഷക കുടുംബങ്ങളുടെ സാമ്പത്തിക ഉത്തേജനം ലക്ഷ്യം വെച്ച് പൊതുസമൂഹത്തിന് സമർപ്പിച്ചത്, ജൈവ കാർഷികോൽപ്പന്നങ്ങളുടെ വലിയൊരു വിപണി തന്നെയാണ്.
കർഷക ആത്മഹത്യകൾ കൊണ്ടും ബാങ്കുകളുടെ ജപ്തി നടപടികൾ കൊണ്ടും സമ്പുഷ്ടമാണ്, ഇന്നിൻ്റെ മാധ്യമ വാർത്തകൾ. ഇതോടൊപ്പം തന്നെ നമ്മുടെ നാട്ടിലെ കർഷകരനുഭവിക്കുന്ന വലിയൊരു ദുരിതമാണ്, പതിനായിരവും ലക്ഷവും ലോണെടുത്തും സ്വർണ്ണം പണയം വെച്ചും ഇറക്കിയ കൃഷിയുടെ വിളവെടുപ്പിൻ്റെ സമയത്തുണ്ടാകുന്ന വില തകർച്ച. ഇതോടു ചേർന്ന്, ഇടനിലക്കാരുടെ ചൂഷണം കൂടിയാവുമ്പോൾ ഇറക്കിയ കൃഷിയുടെ മുടക്കുമുതൽ പോലും തിരികെ കിട്ടാത്ത സാഹചര്യം, എത്രയോ കർഷക കുടുംബങ്ങളെ വലിയ സാമ്പത്തിക പ്രയാസത്തിലേയ്ക്കും തുടർന്ന് ആത്മഹത്യയിലേയ്ക്കും കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്. അത്തരം വാർത്തകളിൽ ഭൂരിപക്ഷവും പിറ്റേ ദിവസത്തെ പത്രവായനയോടൊപ്പമുള്ള വെറുമൊരു നിശ്വാസമായോ സാമൂഹ്യ മാധ്യമങ്ങളിലെ വെറുമൊരു കുറിപ്പായോ അവശേഷിക്കുകയാണ്, സാധാരണ പതിവ്. വമ്പൻ പ്രസ്ഥാനങ്ങളും നേതാക്കളുമൊക്കെ പ്രസ്താവനകളിലൂടെ തീർക്കുന്ന കർഷക ആകുലതകൾക്കപ്പുറം, സാക്ഷര കേരളത്തിൽ പോലും പ്രായോഗികമായ പരിഹാരം ഇക്കാര്യത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വരെയുണ്ടായിട്ടില്ലെന്നത്, എത്രയോ വേദനാജനകമാണ്. എന്തുകൊണ്ടോ,അന്നമൂട്ടുന്ന കർഷകനെ മറന്നുള്ള വികസന മുന്നേറ്റങ്ങളും കാര്യപ്രാപ്തി അവകാശപ്പെടാനില്ലാത്ത പദ്ധതികളുമാണ്, ഒരു പരിധി വരെ നമ്മുടെ നാടിൻ്റെ ശാപം.
ലോക്ക് ഡൗൺ കാലത്ത് നാം മാധ്യമങ്ങളിലൂടെ കണ്ട, പാലക്കാട്ടെ വഴുതന കർഷകനേയും പെരുമ്പാവൂരിലെ കൈതച്ചക്ക കർഷകരേയും കേരള സമൂഹം പെട്ടന്ന് മറക്കാനിടയില്ല. വിളവെടുപ്പിന് പാകമായ ഏക്കറുകണക്കിന് ഭൂമിയിലെ വഴുതന കൃഷി, വാങ്ങാനാളില്ലെന്ന ഒരൊറ്റക്കാരണത്താൽ ട്രാക്ടർ കൊണ്ട് ഉഴുതുമറിച്ച് നശിപ്പിച്ചു കളഞ്ഞ പാലക്കാട്ടെ ആ കർഷകൻ്റെ ശാപം, ആർക്കാണ് പേറാനാകുക. യഥാർത്ഥത്തിൽ ഇതോടു ചേർത്തു വായിക്കേണ്ടതായിരുന്നു; അട്ടപ്പാടിയിലെ നേന്ത്രവാഴ കർഷകരുടെ ദുരിതകഥ. ലോക്ക് ഡൗണിൻ്റെ ദുരിതത്തിനിടെ വേനൽ മഴയും കടുത്തതോടെ, വാങ്ങാനാളില്ലാതെ വെറും 5 രൂപയ്ക്കും എട്ടു രൂപയ്ക്കും വരെ വിലപേശപ്പെട്ടിരുന്ന ഏഴര ടണ്ണോളം വരുന്ന നേന്ത്രക്കായ, തൃശൂർ അതിരൂപതയുടെ കാര്യമാത്ര പ്രസക്തമായ ഇടപെടലിലൂടെ കിലോ ഗ്രാമിന് 40 രൂപ കിട്ടത്തക്ക രീതിയിൽ, വിപണിയിലെത്തിച്ചതും മാതൃ വേദിയും കെ.സി.വൈ.എം., ഉൾപ്പടെയുള്ള യുവജനസംഘടനകളുടെ പിൻബലത്തിൽ, നേന്ത്രക്കായയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി, വലിയ വിപണി കണ്ടെത്തിയതും വാർത്തയായതിനു പിന്നിൽ തൃശ്ശൂർ അതിരൂപതാധ്യക്ഷനായ മാർ ആൻഡ്രൂസ് താഴത്തിൻ്റെ ദിശാബോധവും അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സാന്ത്വനത്തിൻ്റെ സയറ്റക്ടർ ഫാ.ജോയ് മൂക്കനച്ചൻ്റെ പ്രായോഗിക ബുദ്ധിയുമുണ്ടായിരുന്നു.
അത്തരമൊരു പരിഹാരമാർഗ്ഗത്തിൻ്റെ തുടർച്ച തന്നെയാകണം, ലോക പരിസ്ഥിതി ദിനത്തിലെ ഈ പുതു സംരംഭം.അങ്ങിനെ തൃശ്ശൂരിലെ കർഷക ദുരിതങ്ങൾക്ക് സ്ഥൈര്യ സ്വഭാവമുള്ള പരിഹാരവും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ഈ പദ്ധതി പ്രകാരം, കർഷകർക്ക് അവരുടെ കാർഷികോൽപ്പന്നങ്ങൾ ഒരു മടിയും കൂടാതെ അതിരൂപതാ കേന്ദ്രത്തിലെത്തിയ്ക്കാം. ഇപ്പോൾ എല്ലാ ആഴ്ചയിലേയും, ചൊവ്വ-വ്യാഴം ദിവസങ്ങൾ, തൃശ്ശൂർ അതിരൂപത കാര്യാലയമുറ്റം ജില്ലയുടെ തന്നെ ജൈവകാർഷിക വിപണിയാണ്. ജൈവ പച്ചക്കറികൾ മാന്യമായ വിലയ്ക്ക് സംഭരിക്കുകയും മാന്യമായ വിലയ്ക്കു തന്നെ വിൽപ്പനയ്ക്കു വെയ്ക്കുകയും ചെയ്യുന്നൊരിടം. ഒരു പക്ഷേ തമിഴ്നാട്ടിലെ മുഖ്യ പ്രദേശങ്ങളിൽ പിന്തുടരുന്ന "ഉഴവൂർ ചന്ത" യുടെ പരിഷ്കൃത രൂപം. നാം ഇന്നേ വരെ കണ്ടും കേട്ടും പരിചയിച്ച കാർഷിക ചന്തകളിൽ നിന്നും വ്യത്യസ്തമായി, കാർഷികോൽപ്പന്നങ്ങളിൽ, പ്രസ്തുത കർഷകൻ്റെ പേരും അഡ്രസും ഫോൺ നമ്പറും പ്രദർശിക്കപ്പെടുന്ന ഒരു വേറിട്ട വിപണി. ഇപ്പോൾ കൊട്ടിഘോഷിക്കപ്പെടുന്ന കാർഷിക ബില്ലിലെ ഒരു പ്രധാന നിർദേശം.
നാടും നാട്ടുകാരും സഹകരണം ആരംഭിച്ചു കഴിഞ്ഞു. അതു കൊണ്ടു തന്നെ ഇപ്പോൾ തൃശ്ശൂരിലെ കർഷകൻ്റെ കഥ, കണ്ണീരിൻ്റേയും കദനത്തിൻ്റെതും മാത്രമല്ല; മറിച്ച് സന്തോഷത്തിൻ്റെയും സംതൃപ്തിയുടേതുമാണ്. ഇതൊരു വലിയ കാർഷിക മുന്നേറ്റമാണ്. ദിശാബോധവും മികച്ച ആസൂത്രണവുമുണ്ടെങ്കിൽ രാജ്യമൊട്ടുക്കും മാതൃകയാക്കാവുന്ന വലിയ മുന്നേറ്റം. അതിരൂപത നിലവിൽ അറിയപ്പെടുന്ന മേഖലകളായ ആതുരശുശ്രൂഷ, വിദ്യാഭ്യാസ രംഗം, സാമൂഹിക ഇടപെടലുകൾ എന്നിവക്കൊപ്പം കേരളം കാതോർത്തിരുന്ന ഒരു കാർഷിക ഇടപെടലിൻ്റെ ആസൂത്രണ മികവോടെയുള്ള പ്രായോഗികത. നല്ല കാര്യങ്ങളെ നെഞ്ചേറ്റിയിട്ടുള്ള തൃശ്ശൂർ, ഈ സംരംഭത്തേയും ഹൃദയത്തോട് ചേർത്തു നിറുത്തുമെന്നുറപ്പുണ്ട്.
കൃഷിയും കൃഷിരീതികളും കർഷകനും ഉൽപ്പാദന മികവുകൊണ്ടും ജൈവികമായ ശൈലികൾക്കൊണ്ടും പുനർനിർവചിയ്ക്കപ്പെടുകയാണിവിടെ. നന്ദിയും അഭിനന്ദനവുമൊക്കെ പറഞ്ഞ്, ഈ പദ്ധതിയുടെ പ്രായോജകരുടെ ആസൂത്രണത്തിനും ബുദ്ധിയ്ക്കും ദീർഘവീക്ഷണത്തിനും വിലയിടാൻ ഞാനാളല്ല. എങ്കിലും
Hats off you Our dearest
Mar Andrews Thazhath
Mar Tony Neelankavil
Rev Fr Joy Mookkan
ഇനിയീ ജൈവ വിപണി വിജയിപ്പിക്കേണ്ടത് നാം നാട്ടുകാരുടെ കൂടി ഉത്തരവാദിത്വമാണ്. കീടനാശിനിയും രാസവളങ്ങളുപയോഗിച്ച്, അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പച്ചക്കറിയേക്കാൾ ഒരു പക്ഷേ ഇവിടെ വിലയൽപ്പം ഉയർന്നേക്കാം. പക്ഷേ ഓർക്കുക; നന്നേ വില കുറച്ച് ലഭ്യമാകുന്ന വിളകൾ, ഇടനിലക്കാരൻ്റെ വലിയ ലാഭം കൂടി (ഉദാഹരണത്തിന്, കേവലം 8 രൂപയ്ക്ക് രാസവളങ്ങളും കീടനാശിനിയും മാത്രം ഉപയോഗിച്ചു ശീലമുള്ള അന്യസംസ്ഥാന കർഷകനിൽ നിന്നും ലഭ്യമാകുന്ന തക്കാളി, 40 രൂപയ്ക്ക് വിൽപ്പനക്കെത്തുമ്പോൾ ) ചേർത്ത് മാർക്കറ്റിൽ ലഭ്യമാക്കുമ്പോൾ, അത്തരം വിളകൾ കഴുകിശുചീകരിക്കാനുള്ള ജൈവ ലായനികൾ കൂടി നാം അടുക്കളയിലിപ്പോൾ പതിവാക്കിയിരിക്കുന്നുവെന്ന സത്യം.
ഇവിടെ നിങ്ങൾക്കുറപ്പിക്കാം; തീർച്ചയായും ജൈവികമായിരിക്കും, വിൽപ്പനയ്ക്കു വെച്ചിരിക്കുന്ന വിളകൾ.അതിൻ്റെ ഗന്ധം നമ്മുടെ നാട്ടിലെ മണ്ണിൻ്റേതു കൂടിയാണ്. അതിൽ നമ്മുടെ നാട്ടിൽ തന്നെയുള്ള കർഷകൻ്റെ ഫോൺ നമ്പർ കൂടി ചേർത്തുവെച്ചിട്ടുണ്ട്. അവൻ്റെ വിയർപ്പിനും അധ്വാനത്തിനും ഇവിടെ ആദരവും വിലയുമുണ്ട്.കാരണം, കാർഷിക ചന്തയുടെ നടത്തിപ്പിനു വരുന്ന ചെറിയ ഒരു വിഹിതമൊഴികെ ബാക്കിയെല്ലാം കർഷകനു തന്നെയാണ് ലഭ്യമാകുന്ന രീതിയിലാണിവിടെ ക്രമീകരണം. ഒരു കാര്യം നമുക്കുറപ്പിയ്ക്കാം; സമൂഹത്തിൽ, കർഷകൻ്റെ അന്തസ്സും മൂല്യവും കൃഷിയോടുള്ള താൽപ്പര്യവും ഈ വിപണിയിലൂടെ കുതിക്കുകയാണ്. ഇതവർക്കും കൃഷിയുടെ നാമുൾപ്പടെയുള്ള പിൻഗാമികൾക്കും വലിയ പ്രചോദനം കൂടിയാണ്. ഒരു പരിധി വരെ കൃഷിയെയും കൃഷിരീതികളേയും മറന്ന നമ്മുടെ പുതു തലമുറയ്ക്ക്, തങ്ങളുടെ കാർഷികോൽപ്പന്നങ്ങൾക്ക് മാന്യമായ വില ലഭിക്കുന്നൊരിടം ഇവിടെയുണ്ടെന്ന സംതൃപ്തിയും.
തരിശായി കിടക്കുന്നയിടങ്ങളിലൊക്കെ ജൈവകൃഷി പിന്തുടരാനും അങ്ങിനെ നമ്മുടെ തൃശ്ശൂരിനെ കാർഷിക സ്വയംപര്യാപ്തതയിലേക്കെത്തിക്കാനുമുള്ള സാധ്യത കൂടിയാണ് ഈ വിപണി.
ആ സാധ്യതകളെ പ്രായോഗികതലത്തിലേക്കെത്തിക്കണമെങ്കിൽ നമ്മുടെ ജാഗ്രതയും കരുതലും ആവശ്യമാണ്. ജൈവകർഷകരെ പ്രോൽസാഹിപ്പിച്ചും ഈ വിപണന സാധ്യത അവരിലേക്കെത്തിച്ചും കാർഷിക ചന്തയിലെത്തി ഉൽപ്പന്നങ്ങൾ വാങ്ങിയും ഈ സംരംഭം നമ്മുടേതു കൂടിയാക്കാം.
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
ജോ. സെക്രട്ടറി,
തൃശ്ശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ