News - 2025
കോവിഡ്: ദശലക്ഷങ്ങള്‍ അണിനിരക്കുന്ന ഗ്വാഡലൂപ്പ തിരുനാള്‍ റദ്ദാക്കി
പ്രവാചക ശബ്ദം 26-10-2020 - Monday
മെക്സിക്കോ സിറ്റി: അമേരിക്കന്‍ വന്‍കരകളുടെ മധ്യസ്ഥയായ ഗ്വാഡലൂപ്പ മാതാവിന്റെ പ്രശസ്തമായ തിരുനാള്‍ കോവിഡ് മഹാമാരിയെ തുടര്‍ന്നു റദ്ദാക്കി. സാധാരണഗതിയില്‍ ദശലക്ഷകണക്കിന് വിശ്വാസികള്‍ പങ്കെടുക്കാറുള്ളതാണ് ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ ബസലിക്കയില്‍ നടത്തിവരാറുള്ള തിരുനാള്‍. പകര്‍ച്ചവ്യാധി തുടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 12ന് നടക്കേണ്ടിയിരുന്ന ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാള്‍ റദ്ദാക്കിയ വിവരം മെക്സിക്കോ സിറ്റി മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ കാര്‍ലോസ് അഗ്വിയാര്‍ റീറ്റസാണ് മാധ്യമങ്ങളെ അറിയിച്ചത്. പകര്‍ച്ചവ്യാധി തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തിരുനാള്‍ ഇടവക ദേവാലയങ്ങളിലും, വീടുകളിലും ആഘോഷിക്കുവാന്‍ കര്‍ദ്ദിനാള്‍ റീറ്റസും, മെക്സിക്കന്‍ മെത്രാന്‍ സമിതിയും, ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ ബസലിക്ക നേതൃത്വവും വിശ്വാസികളോട് ആഹ്വാനം ചെയ്തു.
മെക്സിക്കോയുടെ സാംസ്കാരിക പ്രതീകം കൂടിയായ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ സാധാരണഗതിയില്‍ ഡിസംബര്‍ 11 രാത്രിയോടെയാണ് തുടങ്ങാറുള്ളത്. മെക്സിക്കോയില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നും ലക്ഷങ്ങളാണ് ഗ്വാഡലൂപ്പ മാതാവിന്റെ ബസലിക്കയിലേക്ക് തീര്‍ത്ഥാടനം നടത്താറുള്ളത്. മൈലുകളോളം സഞ്ചരിച്ച് കാല്‍നടയായും വിശ്വാസികള്‍ ദേവാലയത്തില്‍ എത്താറുണ്ട്.
1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്.
തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. ‘മെക്‌സിക്കോയുടെ റാണി’, ‘ലാറ്റിനമേരിക്കയുടെ രാജ്ഞി’, ‘ഗര്‍ഭസ്ഥശിശുക്കളുടെ സംരക്ഷക’ എന്നീ വിശേഷണങ്ങളിലൂടെയും ഗ്വാഡലൂപ്പ മാതാവ് അറിയപ്പെടുന്നുണ്ട്.