News - 2025

തിരുസഭയുടെ സ്വവര്‍ഗ്ഗ വിവാഹ നിലപാടില്‍ മാറ്റമില്ല: വിശദീകരണവുമായി സിബിസിഐ

പ്രവാചക ശബ്ദം 27-10-2020 - Tuesday

മുംബൈ: ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ ‘ഫ്രാന്‍ചെസ്‌കോ’ എന്ന ഡോക്യൂമെന്ററിയില്‍ സ്വവര്‍ഗ്ഗാനുരാഗികളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കും വിധം വ്യാപകമായി പ്രചരിച്ച സാഹചര്യത്തില്‍ വിശദീകരണവുമായി ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതി. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹം കത്തോലിക്ക സഭ അംഗീകരിക്കുന്നില്ലെന്നും അതു സംബന്ധിച്ച വിശ്വാസ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ലെന്നും സര്‍ക്കുലറില്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്.

പാപ്പയുടെ പരാമര്‍ശങ്ങളെക്കുറിച്ച് വിവിധ കോണുകളില്‍ നിന്നും അന്വേഷണങ്ങള്‍ ഉയരുകയും, പരിശുദ്ധ പിതാവിന്റെ പരാമര്‍ശങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് ആവശ്യമായിരിക്കുകയാണെന്ന ആമുഖത്തോടെയാണ് സിബിസിഐ പ്രസിഡന്റും, മുംബൈ അതിരൂപതാ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഒപ്പിട്ടിരിക്കുന്ന സര്‍ക്കുലര്‍ ആരംഭിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗികളെ സംബന്ധിച്ച സഭാ പ്രബോധനങ്ങളോടുള്ള പൂര്‍ണ്ണ സ്വരൈക്യത്തോടു കൂടിതന്നെയാണ് പാപ്പ ഈ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നതെന്നാണ് സര്‍ക്കുലര്‍ പറയുന്നത്.

ദുര്‍ബ്ബല വിഭാഗങ്ങളോട് സഹാനുഭൂതി കാണിക്കണമെന്നും, അവരെ സംരക്ഷിക്കണമെന്നും പാപ്പ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. പരിശുദ്ധ പിതാവ് ശരിക്കും എന്താണ് ഉദ്ദേശിച്ചത് ? സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് തങ്ങള്‍ ജന്മം കൊണ്ട കുടുംബത്തില്‍ ജീവിക്കുവാനുള്ള അവകാശം ഉണ്ടെന്നാണ് പാപ്പ പറഞ്ഞതെന്ന് സ്പാനിഷ് ഭാഷയില്‍ നിന്നുള്ള ശരിയായ തര്‍ജ്ജമയെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ വിശദീകരിച്ചു. സ്വവര്‍ഗ്ഗാനുരാഗികളെ ഒരിക്കലും കുടുംബത്തില്‍ പുറംതള്ളരുതെന്നാണ് പാപ്പ ഉദ്ദേശിച്ചതെന്നും പിന്നീട് പാപ്പ നടത്തിയ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

സ്വവര്‍ഗ്ഗാനുരാഗികളുടെ ‘പൊതു കൂട്ടായ്മ'യെ കുറിച്ച് പരാമര്‍ശിക്കുക വഴി അവരുടെ വിവാഹത്തിന് അംഗീകാരം നല്‍കണമെന്നല്ല, മറിച്ച് കൂട്ടായ്മയില്‍ ജീവിക്കുന്നവര്‍ക്കുള്ള പൊതു സംരക്ഷണം അവര്‍ക്കു നല്‍കണമെന്നാണ് പാപ്പ ഉദ്ദേശിച്ചതെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. വിശുദ്ധ തിരുവെഴുത്തുകളില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നുമാണ് സഭാ പ്രബോധനം ഉരുത്തിരിഞ്ഞതെന്നും അതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ലെന്നും സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള തന്റെ ആശങ്കയാണ് പാപ്പ പ്രകടിപ്പിച്ചതെന്നും, ഇന്‍ഷൂറന്‍സ്, സാമൂഹിക സുരക്ഷപോലെയുള്ള പരിരക്ഷകള്‍ അവര്‍ക്ക് നല്‍കണമെന്നുമാണ് പരിശുദ്ധ പിതാവ് ഉദ്ദേശിച്ചതെന്നും സര്‍ക്കുലറില്‍ പറയുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »