India - 2025
ദൈവകാരുണ്യം പ്രഘോഷിക്കുന്ന പ്രേഷിതരായി യുവജനങ്ങള്‍ മാറണമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
28-10-2020 - Wednesday
കൊച്ചി/ കോട്ടയം: സമൂഹത്തില്‍ ദൈവകാരുണ്യം പ്രഘോഷിക്കുന്ന പ്രേഷിതരായി യുവജനങ്ങള്‍ മാറണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭാ യുവജന ദിനത്തില്‍ ഉദ്ഘാടന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലോകമാസകലമുള്ള യുവജനങ്ങള്‍ വലിയ ആശങ്കകളിലൂടെയും ആത്മസംഘര്‍ഷങ്ങളിലൂടെയും കടന്നുപോകുന്ന ഈ കോവിഡ് കാലത്ത് യുവജനങ്ങളെ പ്രാര്‍ത്ഥനയില്‍ ഒരുമിപ്പിക്കാനും അവര്‍ക്ക് ആത്മബലം പകര്‍ന്നു നല്‍കാനും യുവജനസംഘടനകള്‍ക്ക് കഴിയണം. കോവിഡ് കാലം തീരുംവരെ എല്ലാ യുവജനങ്ങളും ദൈവകരുണയ്ക്കായി പ്രാര്‍ത്ഥിക്കണം. മിശിഹായുടെ രക്ഷാകര്‍മം തുടരുന്നവരാണ് യുവജനസംഘടനകള്‍ എന്ന് ഓര്‍മിക്കണമെന്നും വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുറ്റിസിനെ യുവജനങ്ങള്‍ മാതൃകയാക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ആധുനിക സമൂഹ മാധ്യമങ്ങള്‍ സുവിശേഷ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കണം. ദൈവപ്രവര്‍ത്തനം എപ്പോഴും മനുഷ്യ സഹകരണത്തോടെയാണ് നടക്കുന്നത്. മനുഷ്യരിലൂടെയുള്ള ദൈവിക പ്രവര്‍ത്തനം എളുപ്പമാക്കാന്‍ പ്രാര്‍ഥന സഹായിക്കുമെന്നും അതിനാല്‍ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭരണാധികാരികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
യുവജനങ്ങള്‍ പ്രതിസന്ധികളില്‍ ആടിയുലയുന്ന വഞ്ചിയാകരുതെന്നും നിരാശയിലേക്ക് വഴുതിവീഴരുതെന്നും നമ്മള്‍ ഈസ്റ്ററിന്റെ ജനതയാണെന്ന് മറക്കരുതെന്നും മുഖ്യ സന്ദേശം നല്‍കി സീറോ മലബാര്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു. സ്‌നേഹത്തിന്റെ സംസ്‌കാരം സൃഷ്ടിക്കുന്നവരാകണം യുവജനങ്ങളെന്നും മിശിഹായോട് ചേര്‍ന്ന് നിന്നാല്‍ പ്രതീക്ഷകള്‍ക്ക് അന്ത്യമുണ്ടാകില്ലെന്നും കമ്മീഷന്‍ അംഗവും ഛാന്ദാ ബിഷപ്പുമായ മാര്‍ എഫ്രേം നരികുളം പറഞ്ഞു. വിശുദ്ധ ജോണ്‍ പോള്‍ പാപ്പാ യുവജനങ്ങളെ കൂടെ നിര്‍ത്താന്‍ സഭയ്ക്കും കാര്‍ളോ അക്യുറ്റിസ് ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ യുവജനങ്ങള്‍ക്കും മാതൃകയാണെന്നും കമ്മീഷന്‍ അംഗവും ഡല്‍ഹി ഫരീദാബാദ് രൂപത സഹായമെത്രാനുമായ മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍ പറഞ്ഞു.
സീറോമലബാര്‍ യുവജന സംഘടനാ മധ്യസ്ഥന്‍ വിശുദ്ധ ജോണ്‍ പോള്‍ പാപ്പായുടെ തിരുനാളിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ യുവജനദിന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം യുവജനങ്ങള്‍ പങ്കുചേര്‍ന്നു. വിശുദ്ധ ജോണ്‍ പോള്‍ പാപ്പായുടെയും കാര്‍ളോയുടെയും വീഡിയോ ബയോഗ്രഫി അടങ്ങിയ പ്രോഗ്രാം കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. എസ്.എം.വൈ.എം. ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ഡേവിഡ്, ഡപ്യൂട്ടി പ്രസിഡന്റ് ബിവിന്‍ വര്‍ഗീസ്, ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, സെക്രട്ടറി വിപിന്‍ പോള്‍, ഫാ. ജെറി, സി. ജിസ്ലെറ്റ്, അഞ്ജന ട്രീസ ജോസഫ്, വിനോദ് റിച്ചാര്‍ഡ്‌സണ്‍, പ്രിന്‍സ് ജോര്‍ജ്, ജോസ്‌മോന്‍ കെ. ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.