News

ജര്‍മ്മനിയില്‍ അറസ്റ്റിലായ ഇസ്ലാമിക തീവ്രവാദി ക്രൈസ്തവ കൂട്ടക്കൊലയ്ക്കു പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍

പ്രവാചക ശബ്ദം 28-10-2020 - Wednesday

മ്യൂണിച്ച്: ജര്‍മ്മനിയില്‍ അധികാരികളുടെ നിരീക്ഷണത്തിലിരിക്കേ അന്‍പത്തിയഞ്ചുകാരനായ വിനോദ സഞ്ചാരിയെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്ത സിറിയന്‍ സ്വദേശിയും ഐസിസ് അംഗവുമായ ഇസ്ലാമിക തീവ്രവാദി ക്രൈസ്തവരെ കൂട്ടക്കൊലചെയ്യുവാനും, ക്രിസ്ത്യാനികളുടെ നാവരിയുവാനും പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. തോമസ്‌ എല്‍ എന്ന അന്‍പത്തിയഞ്ചുകാരനെ കുത്തിക്കൊലപ്പെടുത്തിയ അബ്ദുള്ള എ.എച്ച്.എച്ച് എന്ന ഇസ്ലാമിക തീവ്രവാദി യുവാവിനെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പതിനെട്ടു വയസ്സുള്ളപ്പോള്‍ ജുവനൈല്‍ ജെയിലായ അബ്ദുള്ള കൊലപാതകത്തിന് അഞ്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ജയിലില്‍ നിന്നും പുറത്തുവന്നത്. അബ്ദുള്ളയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍പത്തിയഞ്ചുകാരനും മുറിവേറ്റ അന്‍പത്തിമൂന്നുകാരനും പടിഞ്ഞാറന്‍ ജെര്‍മ്മനിയിലെ നോര്‍ത്ത് റൈന്‍-വെസ്റ്റ്‌ഫാലിയയില്‍ നിന്നും അവധിയാഘോഷിക്കുവാന്‍ എത്തിയവരായിരിന്നു. “ക്രിസ്ത്യാനികളേ, നിങ്ങളെ ഞാന്‍ കൊന്നൊടുക്കും. നിങ്ങള്‍ക്ക് വലിയ വായുണ്ട്, ഞാന്‍ നിങ്ങളുടെ നാവരിയും” എന്നാണ് ഒരു ക്രൈസ്തവനെഴുതിയ കത്തില്‍ അബ്ദുള്ള പറഞ്ഞിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ജിഹാദികളെ റിക്രൂട്ട് ചെയ്ത കുറ്റത്തിനാണ് 2018-ല്‍ അബ്ദുള്ള ജയിലിലാകുന്നത്.

വിചാരണയ്ക്കിടയില്‍ അബ്ദുള്ള തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ചിഹ്നങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും, സമൂഹമാധ്യമങ്ങളിലൂടെ ജിഹാദിന് ആഹ്വാനം ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ബോംബ്‌ നിര്‍മ്മാണത്തെക്കുറിച്ചറിയുവാന്‍ അബ്ദുള്ള ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന്‍ 2019ല്‍ അബ്ദുള്ളയുടെ അഭയാര്‍ത്ഥി പദവി നഷ്ടമായെങ്കിലും ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം സിറിയയിലേക്ക് നാടുകടത്തുവാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. സംഭവം നടക്കുന്ന ദിവസത്തിന് രണ്ടു ദിവസം മുന്‍പ് തന്നെ അബ്ദുള്ള ഡൊമസ്റ്റിക് ഇന്റലിജന്‍സ് എജന്‍സിയുടെ സാക്സോണി ശാഖയുടെ നിരീക്ഷണത്തിന്‍ കീഴിലായിരുന്നുവെന്ന്‍ ഏജന്‍സിയുടെ സാക്സോണി ബ്രാഞ്ച് തലവനായ ഡിര്‍ക്ക്-മാര്‍ട്ടിന്‍ ക്രിസ്റ്റ്യന്‍ സമ്മതിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ അബ്ദുള്ളയുടെ മാനസിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മോചിതനായ ശേഷവും അബ്ദുള്ള ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സാക്സോണി സ്റ്റേറ്റ് പോലീസ് തലവനായ പെട്രിക് ക്ലെയിനും പറഞ്ഞു. അബ്ദുള്ളയെപ്പോലെ നിരീക്ഷണത്തില്‍ കഴിയുന്ന ഏതാണ്ട് അറുനൂറോളം തീവ്രവാദികള്‍ ജര്‍മ്മനിയില്‍ ഉണ്ടെന്നാണ് സാക്സോണി സംസ്ഥാന പോലീസ് പറയുന്നത്. മതനിന്ദയുടെ പേരില്‍ ഫ്രഞ്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയതിന്റെ അലയടികള്‍ അവസാനിക്കും മുന്‍പ് മറ്റൊരു നിരപരാധിയെകൂടി അഭയാര്‍ത്ഥിയായെത്തിയ തീവ്രവാദി കൊലപ്പെടുത്തിയത് ലോകമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »