Life In Christ

'കുഷ്ഠ രോഗികളുടെ അമ്മ' വാൻഡാ ബ്ളെൻസ്കയുടെ നാമകരണ നടപടികൾ ആരംഭിച്ചു

പ്രവാചക ശബ്ദം 29-10-2020 - Thursday

വാർസോ: കുഷ്ഠരോഗികളുടെ അമ്മയെന്നറിയപ്പെടുന്ന പോളണ്ടുകാരി മിഷ്ണറി ഡോക്ടർ വാൻഡാ ബ്ളെൻസ്കയുടെ നാമകരണ നടപടികൾ, ഡോക്ടർമാരുടെ പ്രത്യേക മധ്യസ്ഥൻ വിശുദ്ധ ലൂക്കായുടെ തിരുന്നാൾ ദിനമായ ഒക്ടോബർ 18ന് ആരംഭിച്ചു. യേശുവിലുള്ള വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്ത് ഉഗാണ്ടയിൽ കുഷ്ഠ രോഗികളുടെ പരിചരണത്തിനായി നാൽപതിലേറെ വർഷങ്ങൾ ജീവിതം സമര്‍പ്പിച്ച ബ്ളെൻസ്ക തദ്ദേശീയരായ ഡോക്ടർമാർക്ക് പരിശീലനം നല്കുകയും ബുലൂബായിലെ സെന്റ് ഫ്രാൻസീസ് ഹോസ്പിറ്റൽ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തിരിന്നു. തന്റെ എല്ലാ ശുശ്രൂഷകളും വാൻഡാ ബ്ളെൻസ്ക പ്രാർത്ഥനയിൽ അടിസ്ഥാനപ്പെടുത്തിയാണ് നടത്തിയിരുന്നതെന്ന് നാമകരണ നടപടികളുടെ ഉദ്ഘാടന ശേഷം നടന്ന കുർബാന മധ്യേ പോസ്നാന്‍ ബിഷപ്പ് ഡാമിയൻ ബ്രിൽ പറഞ്ഞു.

തന്റെ ജീവിതവീഥി തെരഞ്ഞെടുക്കുമ്പോൾ തന്നെ അവൾ ദൈവ കൃപയോട് സഹകരിച്ചിരുന്നു. വിദ്യാർത്ഥിനിയായിരിക്കുമ്പോഴേ മിഷ്ണറി വേലകളിൽ ഏർപ്പെട്ടിരുന്ന അവർ തന്റെ വിശ്വാസമെന്ന കൃപയ്ക്ക് കർത്താവിനോട് കൃതജ്ഞതയുള്ളവളായിരുന്നുവെന്നും ബിഷപ്പ് സ്മരിച്ചു. ഇനി മുതൽ "ദൈവദാസി" എന്ന വിശേഷണത്തോടെ ബ്ളെൻസ്കയെ അഭിസംബോധന ചെയ്യാം എന്ന പ്രഖ്യാപനമുണ്ടായപ്പോൾ കാതടപ്പിക്കുന്ന കരഘോഷത്തോടെയാണ് വിശ്വാസികൾ അത് സ്വീകരിച്ചതെന്ന് പോസ്നാൻ രൂപത പ്രസ്താവനയില്‍ കുറിച്ചു. ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗഡ്ക്കി കോവിഡ് ബാധയെത്തുടർന്ന് ഐസോലേഷനിലായതിനാൽ ചടങ്ങിൽ പങ്കെടുക്കുവാൻ പകരം സഹായ മെത്രാനായ ബിഷപ്പ് ബ്രില്ലിനെ നിയോഗിക്കുകയായിരുന്നു.

1911 ഒക്ടോബർ 30ന് പോസ്നാനിൽ ജനിച്ച ബ്ളെൻസ്ക രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ പോളണ്ടിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. യുദ്ധകാലത്ത് പോളീഷ് പ്രതിരോധ പ്രസ്ഥാനമായ ഹോം ആർമിയിൽ സേവനം ചെയ്ത അവർ പിന്നീട് ഉപരിപഠനത്തിനായി ജർമ്മനിയിലേക്കും ബ്രിട്ടനിലേക്കും പോയി. 1951ൽ ഉഗാണ്ടയിലെത്തിയ അവർ ബുലൂബാ ഗ്രാമത്തിലെ കുഷ്ഠരോഗ പരിചരണ കേന്ദ്രത്തിൽ ശുശ്രൂഷ ആരംഭിച്ചു. 100 കിടക്കകളുള്ള ആശുപത്രിയായി അതിനെ പരിവർത്തനപ്പെടുത്തിയത് ബ്ളെൻസ്കയാണ്. നിസ്തുലമായ അവരുടെ സേവനം കണക്കിലെടുത്ത് വിശിഷ്ട പൗരത്വം നൽകി ഉഗാണ്ടൻ സർക്കാർ ആദരിച്ചു.

1983ൽ നേതൃ സ്ഥാനമൊഴിഞ്ഞെങ്കിലും അടുത്ത 11 വർഷം കൂടി ബ്ളെൻസ്ക ആശുപത്രിയിൽ സേവനം ചെയ്തു. പിന്നീട് പോളണ്ടിൽ തിരിച്ചെത്തിയ അവർ 2014 ൽ ഇഹലോകവാസം വെടിഞ്ഞു. മരിക്കുമ്പോൾ 103 വയസ്സുണ്ടായിരുന്നു. ഡോക്ടർമാർ രോഗികളെ ഭയപ്പെടുകയല്ല സ്നേഹിക്കുകയാണ് വേണ്ടതെന്ന് ബ്ളെൻസ്ക പറയാറുണ്ടായിരുന്നെന്ന് ബിഷപ്പ് ബ്രിൽ സ്മരിച്ചു. ഏറ്റവും നല്ല ഔഷധം സ്നേഹമാണെന്നും ഡോക്ടർ രോഗിയുടെ സുഹൃത്തായിരിക്കണമെന്നും വാൻഡാ ബ്ളെൻസ്ക തന്റെ ജീവിത കാലയളവില്‍ പറയാറുണ്ടായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »